ചെന്നിത്തലയെ വെട്ടിമറിക്കാൻ ഉമ്മൻ ചാണ്ടി!! രോഗാവസ്ഥയിൽ നിന്നും കരകയറിയ ഉമ്മൻചാണ്ടി പണി തുടങ്ങി

രാഷ്ട്രീയ ലേഖകൻ

കൊച്ചി: കേരളത്തിൽ കോൺഗ്രസിൽ വിഭാഗീയത അതിശക്തമാവുകയാണ് .ചെന്നിത്തലയെ തള്ളി മുല്ലപ്പള്ളി ഗ്രൂപ്പ് രംഗത്ത് എത്തി .എന്നാൽ ഇതിനെല്ലാം പിന്നിൽ രോഗാവസ്ഥയിൽ നിന്നും കരകയറിയ ഉമ്മൻ ചാണ്ടിയുടെ ചാണക്യബുദ്ധിയാണ് .ഉമ്മൻ ചാണ്ടിയോട് ഏറ്റവും അടുപ്പം പുലർത്തിയിരുന്ന മുസ്‌ലിൽ ലീഗ് പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ പാളയത്തിൽ എത്തുന്ന അപകടകരമായ അവസ്ഥ മനസിലാക്കിയ ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പിലെ ഉമ്മൻ ചാണ്ടി പക്ഷവും കരുക്കൾ നീക്കിത്തുടങ്ങിയതാണ് ഇപ്പോൾ കോൺഗ്രസിൽ ഉടലെടുത്ത പുതിയ സംഭവ വികാസങ്ങൾ. ലീഗ് ചെന്നിത്തലയോട് അടുത്താൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം കിട്ടിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഉമ്മൻ ചാണ്ടിക്ക് അറിയാം ഒരിക്കൽ കൂടിമുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന ഉമ്മൻ ചാണ്ടിക്ക് ലീഗിന്റെ പിന്തുണ അത്യാവശ്യമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലീഗിനെ ഉപയോഗിച്ചായിരുന്നു ഇത്രയും കാലം ഉമ്മൻ ചാണ്ടി അവസാന വട്ട സമ്മർദ്ധ തന്ത്രങ്ങൾ പുറത്തെടുത്തുകൊണ്ടിരുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ അഞ്ചാം മന്ത്രിയെ വരെ കൊടുത്ത് ലീഗിനെ പ്രീതിപ്പെടുത്തി കൂടെ നിർത്തിയതും ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രം ആയിരുന്നു .ചെന്നിത്തലക്ക് എതിരെ എന്നും പുറത്തെടുക്കാവുന്ന തുറുപ്പുഗുലാൻ .ആ തുറുപ്പ് ശീട്ട് ആണ് രമേശ് ചെന്നിത്തല പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലീഗിനെ ഒപ്പം കൂട്ടി തട്ടി എടുക്കാൻ ശ്രമിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി വിഭാഗം ഭയക്കുന്നത് .അതിനാൽ ആണ് ലീഗും ചെന്നിത്തലയും ഇടതുസർക്കാരും പിണറായി വിജയനുമൊത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ സമരത്തെ എതിർത്ത് കോൺഗ്രസിലെ മറ്റു ഗ്രൂപ്പുകൾ രംഗത്ത് വന്നത് .

അതേസമയം എൽഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്ന കോൺഗ്രസ്‌ നിലപാട്‌ തള്ളി മുസ്ലിംലീഗ്‌ പരസ്യമായി രംഗത്ത്‌. ഇതോടെ യുഡിഎഫിൽ ആശയക്കുഴപ്പവും രൂക്ഷമായി.എൽഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ്‌ കൺവീനർ ബെന്നി ബെഹനാനും പറഞ്ഞതിനു പിന്നാലെയാണ്‌ സംയുക്തസമരം ഇനിയും വേണമെന്ന്‌ വ്യക്തമാക്കി മുസ്ലിംലീഗ്‌ നേതാക്കളായ ഇ ടി മുഹമ്മദ്‌ ബഷീറും കെ പി എ മജീദും രംഗത്തുവന്നത്‌.

പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല അടക്കം കോൺഗ്രസിലെ ഒരു വിഭാഗം സംയുക്തസമരത്തെ ന്യായീകരിച്ചത്‌ കോൺഗ്രസിനുള്ളിലും പുതിയ തർക്കമുഖം തുറന്നിട്ടുണ്ട്‌. കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്‌ എന്നിവരുൾപ്പെടെ ഏതാനും നേതാക്കൾ സംയുക്തസമരം ശരിയായില്ലെന്ന വികാരം പ്രകടിപ്പിച്ചെങ്കിലും ചെന്നിത്തല അത്‌ മുഖവിലയ്‌ക്ക്‌ എടുത്തിട്ടില്ല. കഴിഞ്ഞ ദിവസത്തെ സംയുക്തസമരത്തെ എതിർത്ത കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ഇതിൽ പ്രതിഷേധിച്ച്‌ യുഡിഎഫ്‌ യോഗം ബഹിഷ്‌കരിച്ചിരുന്നു. ആർഎസ്‌പിയും അതൃപ്‌തി വെളിപ്പെടുത്തി. എന്നാൽ, യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിംലീഗ്‌ യോജിച്ച പ്രക്ഷോഭം നല്ല സന്ദേശമാണ്‌ നൽകിയതെന്ന്‌ വ്യക്തമാക്കിയതോടെ മുല്ലപ്പള്ളിയും ബെന്നിബഹനാനും വെട്ടിലായിരിക്കുകയാണ്‌.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു സംഘടിപ്പിച്ച സത്യഗ്രഹം സമൂഹത്തിന്‌ നല്ല സന്ദേശമാണ്‌ നൽകിയതെന്ന്‌ ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്‌ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. വിഷയത്തിൽ കേരളം ഒറ്റക്കെട്ടാണെന്ന്‌ തെളിയിക്കാൻ സംയുക്ത സമരത്തിലൂടെ സാധിച്ചു. നിയമസഭയിൽ പ്രാതിനിധ്യമുള്ള കക്ഷികളാണ്‌ ഇതിൽ പങ്കാളികളായത്‌. ആർഎസ്‌പി ഉൾപ്പെടെ പറഞ്ഞ കാര്യങ്ങൾ സാങ്കേതികം മാത്രമാണ്‌. ഭരണഘടനാ വിരുദ്ധമായ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭമാണ്‌ വേണ്ടത്‌. അക്രമ സമരത്തോട്‌ ലീഗിന്‌ യോജിപ്പില്ലെന്നും കഴിഞ്ഞ ദിവസത്തെ ഹർത്താൽ അക്രമാസക്തമായിരുന്നുവെന്നും മജീദ്‌ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ് അതിസങ്കീർണ്ണമായ അവസ്ഥയിലാണ് .അണികൾ നിരാശയിൽ പ്രവർത്തനം മതിയാക്കി.നിലവിൽ യൂത്ത്കോൺഗ്രസ് കമ്മറ്റിയും ഇല്ല .ഫലത്തിൽ കെപിസിസിയും ഇല്ലെന്നു പറയാം . കെപിസിസി പുനഃസംഘടന മുൻനിർത്തി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൈമാറിയ ജംബോ പട്ടിക ഹൈക്കമാൻഡ് തള്ളിയിരുന്നു. നിലവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അഖിലേന്ത്യാ നേതൃത്വം പിരിച്ചുവിട്ടിരുന്നു .യൂത്ത്കോൺഗ്രസിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കേന്ദ്രനേതൃത്വവും പറ്റില്ലെന്ന് കെപിസിസിയും യൂത്ത് സംസ്ഥാന നേതൃത്വവും നിലപാടെടുക്കുകയും പാർടിയിൽ അടിമുടി സംഘർഷാത്മകമായ തർക്കം ഉടലെടുക്കുകയും ചെയ്തതിനെത്തുടർന്നാണ് പിരിച്ചുവിടൽ നടപടി.നാമനിർദേശപത്രികാ സമർപ്പണത്തിനുള്ള സമയം കഴിഞ്ഞിട്ടും ഒരാൾപോലും പത്രിക നൽകാത്തതിനാൽ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് നടപടികളും അനിശ്ചിതത്വത്തിലാണ്ടു. ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ വൻ കലാപത്തിന് വഴിയൊരുക്കുമെന്ന് അഭിപ്രായപ്പെട്ട കെപിസിസി, വോട്ടെടുപ്പ് ഒഴിവാക്കി ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്തുകയോ ഹൈക്കമാൻഡ് നാമനിർദേശം ചെയ്യുകയോ വേണമെന്നാണ് ആവശ്യപ്പെടുന്നത്.യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടപടിയിൽനിന്ന് ഹൈക്കമാൻഡ് കേന്ദ്ര നേതൃത്വത്തെ പിന്തിരിപ്പിക്കണമെന്ന് സംസ്ഥാനത്തുനിന്നുള്ള കോൺഗ്രസ് എംപിമാർ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു .

അതേസമയം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി കൂടിയാലോചിച്ച് മുല്ലപ്പള്ളി തയ്യാറാക്കിയ ഭാരവാഹിപ്പട്ടികയാണ് സ്വീകാര്യമല്ലെന്ന് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത് . അതോടെ അതിൽ കയറിപ്പറ്റിയ പകുതിയിലധികം നേതാക്കളും പുറത്താകുമെന്നാണ് സൂചനയുണ്ട് . കിഴവന്മാരെ കുത്തിനിറച്ചെന്നും ഗ്രൂപ്പ്മാത്രം മാനദണ്ഡമാക്കി ഭാരവാഹിത്വം വീതംവച്ചെന്നും ഉയർന്ന പരാതി കണക്കിലെടുത്താണ് ജംബോ പട്ടിക പൊളിച്ചടുക്കാനുള്ള തീരുമാനം. ഒരാൾക്ക് ഒരു പദവി എന്ന നിലയിൽ അതിൽ മാറ്റംവരുത്തണമെന്നും 65 വയസ്സ് പിന്നിട്ട പകുതിപ്പേരെ ഒഴിവാക്കണമെന്നുമാണ് ഹൈക്കമാൻഡ് നിർദേശം. മൂന്ന് നേതാക്കളും നേരിട്ട് ചെന്നാണ് കരടുപട്ടിക കൈമാറിയത്. അവർ കേരളത്തിൽ തിരിച്ചെത്തുംമുമ്പ് സംസ്ഥാനത്തുനിന്ന് തലങ്ങുംവിലങ്ങും പരാതികൾ ഒഴുകി.ആ പട്ടിക വെച്ചാണിപ്പോൾ കോൺഗ്രസ് നേതാക്കൾ അണികളായ നേതാക്കൾ തങ്ങളുടെ പക്ഷത്ത് പിടിച്ച് നിർത്തുന്നത് .അതിനിടെ കേന്ദ്രത്തിൽ അതിശക്തമായ വേണുഗോപാലും സ്വന്തമായ ഗ്രൂപ്പിനെ വളർത്താനുള്ള നീക്കത്തിൽ ആണെന്നും അതിനു തടയിടണമെന്നും കോൺഗ്രസിലെ വേണു ഒഴികെ എല്ലാവരും സമാനമനസ്‌ക്കർ ആണുപോലും.

Top