ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പരസ്യ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പില്‍ കടുത്ത അതൃപ്തി. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയോടെ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് ഏറെ നാളായി പ്രചരിച്ചിരുന്ന വെറും അഭ്യൂഹങ്ങള്‍ക്ക് ഔദ്യോഗിക സ്വഭാവം വന്നതാണ് എ ഗ്രൂപ്പിന്റെ അസംതൃപ്തിയുടെ അടിസ്ഥാനം.
അതുകൊണ്ടാണ് കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയെ വ്യക്തിപരമായ അഭിപ്രായ പ്രകടനം മാത്രമായി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തര്‍ തളളിക്കളയുന്നതും. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്താനുളള ആസൂത്രിത നീക്കമാണ് പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന വിലയിരുത്തലിലാണ് എ ഗ്രൂപ്പ് .
ഹൈക്കമാന്‍ഡില്‍ നിന്ന് കടുത്ത സമ്മര്‍ദം ഉണ്ടാകാത്ത പക്ഷം ഉമ്മന്‍ചാണ്ടി മല്‍സരത്തിനിറങ്ങില്ലെന്ന സൂചനകളാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ലോക്‌സഭയിലേക്ക് ഉമ്മന്‍ചാണ്ടിയെ പറഞ്ഞയയ്ക്കുക വഴി സംസ്ഥാന കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതൃത്വത്തില്‍ നിന്നും പൂര്‍ണമായും അദ്ദേഹത്തെ ഒഴിവാക്കുക എന്ന ലക്ഷ്യം കൂടിയുളളവരാണ് പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും എ ഗ്രൂപ്പ് വിലയിരുത്തുന്നു.
കോട്ടയം കേരള കോണ്‍ഗ്രസ് വിട്ടു കൊടുക്കില്ലെന്നതാണ് എ ഗ്രൂപ്പ് പറയുന്ന ഒരു കാരണം. ഇടുക്കിയില്‍ മല്‍സരിച്ചു ജയിച്ചാലും ഉപതെരഞ്ഞെടുപ്പില്‍ പുതുപ്പളളി നിലനിര്‍ത്താനാകുന്ന കാര്യത്തിലെ അനിശ്ചിതത്വമാണ് സ്ഥാനാര്‍ഥിത്വ ചര്‍ച്ചകളെ പ്രതിരോധിക്കാന്‍ പറയുന്ന രണ്ടാമത്തെ ന്യായം.