ബിഹാറിലെ ആശുപത്രിയില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ മരിച്ചു

സഫർപുർ:  ആശുപത്രിയിൽ ടോർച്ച് വെളിച്ചത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ മരിച്ചു. ബിഹാറിലെ മുസഫർപൂരിലെ സദർ ആശുപത്രിയിലാണ് സംഭവം.  റൂബി കുമാരി എന്ന യുവതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് യുവതിയെ ടോർച്ച് വെളിച്ചത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെയാണ് ടോർച്ച് വെളിച്ചത്തിൽ ശസ്ത്രക്രിയ ചെയ്തത്. രോഗിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ  തീരുമാനിക്കുമ്പോള്‍ ആശുപത്രിയിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. ഇതേതുടർന്ന് ടോർച്ച് വെളിച്ചത്തിൽ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. യുവതി ഓപ്പറേഷൻ ടേബിളിൽ കിടക്കുന്നതും യുവതിയുടെ വലതുകൈയിൽ ഡോക്ടർ ഓപ്പറേഷൻ നടത്തുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. ടോർച്ചിന്റെയും മൊബൈൽ ഫോണിന്റെയും വെളിച്ചത്തിലാണ് ഓപ്പറേഷൻ നടന്നത്. ഓപ്പറേഷനുശഷം രോഗിയുടെ നില ഗുരുതരമല്ലെന്നും രണ്ടു ദിവസം കൂടെ കാത്തുനിൽക്കണമെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വാദം. എന്നാൽ പിന്നീട് ഇവരെ പാറ്റ്നയിലെ ആശുപത്രിയിലേക്കു മാറ്റുകയും തുടർന്നു മരിക്കുകയുമായിരുന്നു.

Top