ഓപ്പറേഷൻ പി.ഹണ്ട് 21.1: സംസ്ഥാനത്ത് പൊലീസിന്റെ വ്യാപക പരിശോധന; രജിസ്റ്റർ ചെയ്തത് 370 കേസുകൾ; 28 പേരെ സംസ്ഥാനത്ത് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സൈബർലോകത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി പോലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയിൽ 28 പേർ അറസ്റ്റിലായി.
കുട്ടികൾക്കെതിരായ ലൈംഗിക സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായുള്ള ഓപ്പറേഷൻ പി-ഹണ്ട് 21.1: എന്ന് നാമകരണം ചെയ്ത റെയ്ഡിൽ 370 കേസുകൾ രജിസ്റ്റർ ചെയ്തു.

ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള 310 അംഗസംഘം ഞായറാഴ്ച വെളുപ്പിനാണ് റെയ്ഡ് ആരംഭിച്ചതെന്ന് സൈബർ ഡോം നോഡൽ ഓഫീസർ എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് 477 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്. മൊബൈൽ ഫോൺ, മോഡം, ഹാർഡ് ഡിസ്‌ക്, മെമ്മറി കാർഡ്, ലാപ്‌ടോപ്, കമ്പ്യൂട്ടർ എന്നിവ ഉൾപ്പെടെ 429 ഉപകരണങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും ഉള്ള ഉപകരണങ്ങളാണിവ. ഇവയിൽ പലതിലും അഞ്ച് വയസ്സിനും 16 വയസ്സിനും ഇടയിലുള്ള തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്.

അറസ്റ്റിലായവരിൽ പലരും ഐ.ടി മേഖലയിൽ ഉൾപ്പെടെ ഉയർന്ന ജോലി നോക്കുന്ന ചെറുപ്പക്കാരാണ്. അതുകൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അവർ ദൃശ്യങ്ങൾ അയച്ചിരുന്നതും സ്വീകരിച്ചിരുന്നതും. ഉപകരണങ്ങളിൽ നിന്ന് ലഭിച്ച ചാറ്റുകൾ പരിശോധിച്ചതിൽ നിന്ന് പലരും കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പങ്കുവയ്ക്കാനുള്ള നിരവധി ടെലിഗ്രാം, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും റെയ്ഡിൽ കണ്ടെത്താനായി.

ഓപ്പറേഷൻ പി-ഹണ്ട് എന്ന പേരിൽ പൊലീസ് റെയ്ഡ് വ്യാപകമാക്കിയതോടെ വാട്ട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ദൃശ്യങ്ങൾ കണ്ടശേഷം ആധുനിക സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ അവ മായ്ച്ചുകളയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങൾ കാണുന്ന ഫോണുകൾ മൂന്നുദിവസത്തിലൊരിക്കൽ ഫോർമാറ്റ് ചെയ്യുകയും ചെയ്യുന്നു. കുട്ടികളുമായുള്ള ലൈംഗികദൃശ്യങ്ങൾ പണം നൽകി ലൈവ് ആയി കാണാൻ അവസരം ഒരുക്കുന്ന ലിങ്കുകൾ നിലവിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

സൈബർ ഡോം, കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്‌സ്‌പ്ലോയിറ്റേഷൻ സെൻറർ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണങ്ങളെ തുടർന്നാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് സംഘടിപ്പിച്ചത്. സൈബർ ഡോം ഓപ്പറേഷൻസ് ഓഫീസർ എ. ശ്യാം കുമാർ, സൈബർ ഡോം സ്‌ക്വാഡ് ഉദ്യോഗസ്ഥരായ ആർ.യു. രഞ്ജിത്, ജി. എസ്. അനൂപ്, എസ്.എസ് വൈശാഖ്, ആർ. അരുൺരാജ്, അക്ഷയ് സന്തോഷ് എന്നിവരും വിവരങ്ങൾ ശേഖരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവരുടെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെട്ട സംഘമാണ് വിവിധ ജില്ലകളിൽ റെയ്ഡ് നടത്തിയത്.

നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വർഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രൂപ്പുകളും ചാനലുകളും ശ്രദ്ധയിൽപ്പെടുന്നവർ എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്ന് സൈബർ ഡോം നോഡൽ ഓഫീസർ മനോജ് എബ്രഹാം അറിയിച്ചു.

Top