ദില്ലി:അടുത്തുവരുന്ന ലോക്സഭാ തിരെഞ്ഞെടുപ്പിൽ രാഹുല്‍ മഹാസഖ്യത്തെ നിയന്ത്രിക്കേണ്ടെന്ന് മുതിർന്ന നേതാക്കളുടെ ആവശ്യം . പ്രിയങ്കാ ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് മമതാ ബാനര്‍ജിയും ആവശ്യപ്പെട്ടിരിക്കുന്നു . പാര്‍ട്ടിയുടെ നിര്‍ണായക വിഷയങ്ങളില്‍ പ്രിയങ്ക നടത്തിയ ഇടപെടല്‍ പ്രതിസന്ധികളില്‍ നിന്ന് കോണ്‍ഗ്രസിനെ കരകയറ്റിയിരുന്നു. ഇതാണ് മമതാ ബാനര്‍ജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. റോബര്‍ട്ട് വദ്രക്കെതിരെയുള്ള കേസുകള്‍ ഉള്ളതിനാല്‍ പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്നാണ് സൂചന. അദ്ദേഹം പൂര്‍ണമായും കുറ്റവിമുക്തനായാല്‍ അവര്‍ക്ക് മികച്ച പ്രതിച്ഛായയോടെ മത്സരിക്കാനാവും. പ്രിയങ്ക എത്തിയാല്‍ അത് ബിജെപി രാഷ്ട്രീയ ആയുധമാക്കി മാറ്റുമെന്നുള്ള ഭയവും കോണ്‍ഗ്രസിനുണ്ട്. പക്ഷേ ഇവര്‍ സീറ്റ് ചര്‍ച്ചകള്‍ക്കായി ഇത്തവണ എത്തുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം സൂചിപ്പിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ സഖ്യ സാധ്യതകള്‍ കോണ്‍ഗ്രസ് ശക്തമാക്കി കൊണ്ടിരിക്കുകയാണ്. ബിജെപി വിരുദ്ധ മഹാസഖ്യം കോണ്‍ഗ്രസ് നയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സഖ്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് പ്രാധാന്യമേറുന്നു എന്നാണ് മറ്റ് പാര്‍ട്ടികളുടെ പരാതി. അതേസമയം മമതാ ബാനര്‍ജി, മായാവതി, എന്നിവര്‍ രാഹുലിന്റെ അമിത ഇടപെടലില്‍ അതൃപ്തി ഉള്ളവരാണ്. മായാവതി കോണ്‍ഗ്രസുമായി അടുക്കാതിരിക്കാനുള്ള കാരണവും ഇത് തന്നെയാണ്. എന്നാല്‍ തന്റെ പ്രശ്‌നത്തെ മറികടക്കാനുള്ള ശ്രമങ്ങളും രാഹുല്‍ ആരംഭിച്ചിട്ടുണ്ട്. അഖിലേഷ് യാദവ്, കുമാരസ്വാമി, എന്നിവരെ മുന്‍നിര്‍ത്തിയുള്ള തന്ത്രങ്ങളാണ് രാഹുല്‍ സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ മമതാ ബാനര്‍ജിയുമായും മായാവതിയുമായും സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ സീറ്റ് വിഭജനമടക്കമുള്ള കാര്യത്തില്‍ ഇവര്‍ നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്.
പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത് രാഹുലിന്റെ രീതികളെയാണ്. സീറ്റ് വിഭജന വിഷയത്തില്‍ അദ്ദേഹവുമായി സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നാണ്. 2019ല്‍ പ്രധാനമന്ത്രി സ്ഥാനമാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. അതിനുള്ള തിരിച്ചടി തന്നെയാണ് സഖ്യത്തില്‍ നിന്നുണ്ടായിരിക്കുന്നത്. രാഹുലിന്റെ നേതൃത്വം അംഗീകരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഇവര്‍ തുറന്ന് വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊന്ന് ദേശീയ തലത്തിലെ സഖ്യം ശക്തമാണെങ്കിലും സംസ്ഥാന തലത്തില്‍ ഇത് ശക്തിപ്പെടുത്താന്‍ രാഹുല്‍ ഇടപെടുന്നില്ലെന്നാണ് പരാതി. അതേസമയം ബിജെപിക്കെതിരെ രാഹുലിന്റെ ഇടപെടല്‍ മികച്ച രീതിയിലാണെന്നും ഇവര്‍ സമ്മതിക്കുന്നു.
സംസ്ഥാന തലത്തില്‍ രാഹുല്‍ പ്രാദേശിക പാര്‍ട്ടികളുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടി വരുമെന്നാണ് സൂചന. ബംഗാളില്‍ 295 നിയമസഭാ സീറ്റാണുള്ളത്. കോണ്‍ഗ്രസ് 60 സീറ്റാണ് ഇവിടെ നിന്ന് നല്‍കുകയെന്ന് മമത സൂചിപ്പിച്ചിട്ടുണ്ട്. ലോക്‌സഭാ സീറ്റുകള്‍ സംബന്ധിച്ച് ധാരണയായിട്ടില്ല. കോണ്‍ഗ്രസിന് പഴയ പ്രതാപമില്ലാത്തതിനാല്‍ അഞ്ച് മുതല്‍ എട്ട് സീറ്റ് വരെ മാത്രമായിരിക്കും ഇവിടെ മമത നല്‍കുക. ഉത്തര്‍പ്രദേശിലും ഇതേ അവസ്ഥ തന്നെയായിരിക്കും കോണ്‍ഗ്രസിനുണ്ടാവുക.
അതേസമയം രാഹുല്‍ സീറ്റ് വിഭജനത്തില്‍ കാര്യമായി ഇടപെടാനാണ് തീരുമാനിച്ചിരിക്കുന്നത്. മായാവതിയുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ പ്രിയങ്കയെ നിയോഗിച്ചിട്ടുണ്ട്. മായാവതിയുമായി നല്ല അടുപ്പത്തിലാണ് പ്രിയങ്ക. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ബിഎസ്പി കോണ്‍ഗ്രസുമായി അടുക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഇവരെ അനുനയിപ്പിക്കാന്‍ പ്രിയങ്കയ്‌ക്കൊപ്പം മമതയും അഖിലേഷുമുണ്ടാകുമെന്നാണ് സൂചന. ചന്ദ്രശേഖര്‍ ആസാദിനെ സഖ്യത്തിന്റെ ഭാഗമാക്കരുതെന്ന് ഇവര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഛത്തീസ്ഗഡില്‍ പ്രശ്‌നം ഛത്തീസ്ഗഡില്‍ അജിത് ജോഗിയും ബിഎസ്പി കൈകോര്‍ത്തത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. ഇതിന്റെ ഫലങ്ങള്‍ തെലങ്കാനയിലും അലയടിക്കുമെന്നാണ് സൂചന. തെലങ്കാനയില്‍ പല നേതാക്കളും ബിഎസ്പിയുടെ വോട്ടുബാങ്കിന്റെ ബലത്തില്‍ ജയിച്ചവരാണ്. അല്ലോല ഇന്ദ്ര കരണ്‍ റെഡ്ഡി, കൊനേരു കൊനപ്പ, എന്നിവര്‍ ബിഎസ്പി ടിക്കറ്റില്‍ മത്സരിക്കുകയും ജയിച്ച ശേഷം ടിആര്‍എസ്സില്‍ ചേരുകയുമായിരുന്നു. ഈ രണ്ട് സംസ്ഥാനങ്ങളും കോണ്‍ഗ്രസ് വലിയ പ്രതീക്ഷയോടെ കാണുന്നതാണ്. ഇവിടെ തോറ്റാല്‍ അത് ദേശീയ തലത്തിലും പ്രതിഫലിക്കും.
അഖിലേഷ് സഹായിക്കും യുപിയില്‍ സഖ്യം വേണമെങ്കില്‍ ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കാര്യമായ സീറ്റ് സമാജ്‌വാദി പാര്‍ട്ടിക്ക് നല്‍കണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കോണ്‍ഗ്രസ് അംഗീകരിക്കാനാണ് സാധ്യത. അഖിലേഷുമായി രാഹുലിന് ഉള്ള ബന്ധം മികച്ചതാണ്. പറഞ്ഞ സീറ്റ് ലഭിച്ചാല്‍ അഖിലേഷ് സഖ്യത്തില്‍ രാഹുലിനെ പിന്തുണയ്ക്കും. എസ്പിയുടെ പിന്തുണ വലിയ ആവശ്യവുമാണ്. അവരുടെ പിന്തുണയുണ്ടെങ്കില്‍ പ്രതിപക്ഷത്തെ ഭിന്നിപ്പ് കുറയാനും സാധ്യതയുണ്ട്.