പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി,സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം; ചോദ്യോത്തര വേള റദ്ദാക്കി, ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ സുഗമമായി നടത്തി കൊണ്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണ് എന്നും ചോദ്യോത്തര വേള റദ്ദാക്കുകയാണ് എന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

എംഎല്‍എമാരെ കൈയേറ്റം ചെയ്ത വാച്ച് ആന്റ് വാര്‍ഡന്മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സ്പീക്കര്‍ക്കെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി ബഹളം വെച്ചതോടെ ചോദ്യോത്തര വേള റദ്ദാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നിയമസഭാ മന്ദിരത്തിലെ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ വനിതാ എംഎല്‍എ അടക്കം നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ സഭാ നടപടികള്‍ വേഗത്തിലാക്കി ഇന്നത്തേക്ക് പിരിയുകയായിരുന്നു. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരമാണ് എന്ന് എഎന്‍ ഷംസീര്‍ കുറ്റപ്പെടുത്തി. എന്നാല്‍ തങ്ങള്‍ സത്യഗ്രഹസമരമാണ് നടത്തിയത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്.

വാച്ച് ആന്റ് വാര്‍ഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിച്ചു എന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്നലെ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണ് എന്ന് സ്പീക്കര്‍ പറഞ്ഞു. പരിശോധിച്ച് നടപടിയെടുക്കും എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവും ഇതിനോട് യോജിച്ചു.

കഴിഞ്ഞ ദിവസം ഉണ്ടായത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് പറഞ്ഞാണ് സ്പീക്കര്‍ സഭാ നടപടികള്‍ ആരംഭിച്ചത്. കേരള ചരിത്രത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണുണ്ടായത്. ചെയറിന്റെ ഓഫീസ് ഉപരോധിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. അത്തരം രീതികള്‍ ഉണ്ടാവാന്‍ പാടില്ലാത്തതാണെന്ന് സ്പീക്കര്‍ പറഞ്ഞു. സഭയിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പുറത്ത് വിട്ടത് ശരിയായില്ലെന്നും സ്പീക്കര്‍ അറിയിച്ചു.

എന്നാല്‍ സഭാ ടിവി പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ പൂര്‍ണമായും അവഗണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങള്‍ സഭ ടിവി പലപ്പോഴും മറച്ചുവെക്കുന്നു. ഏകപക്ഷീയമായി ഭരണകക്ഷിക്ക് വേണ്ടി മാത്രമാണ് സഭാ ടിവി പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. ഇതില്‍ പ്രതിഷേധിച്ച് സഭാ ടിവി കമ്മിറ്റിയില്‍ അംഗങ്ങളായ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവെക്കും. ആബിദ് ഹുസൈന്‍ തങ്ങള്‍, എം വിന്‍സന്റ്, മോന്‍സ് ജോസഫ്, റോജി എം ജോണ്‍ എന്നിവരാണ് രാജിവെക്കുക.

Top