കണ്ണൂർ: ജയരാജനെ ” വെട്ടാൻ ” തീരുമാനമെടുത്തതിന് പിന്നിൽ പാർട്ടിയിലെ ഉന്നതരെന്ന് സൂചന. പണ്ട് രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്നെ താത്വികാചാര്യനായ ഇ എം എസ് വേദിയിലിരിക്കുമ്പോൾ സദസിൽ നിന്നും ഉയർന്ന മുദ്രാവാക്യം ” എം വി ആർ നേതാവേ ,അങ്ങേക്കായിരം അഭിവാദ്യങ്ങൾ ,നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ “എന്നായിരുന്നു. സമാനമായ സാഹചര്യം തന്നെയാണ് ഇപ്പോൾ കണ്ണൂരിലുണ്ടായിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.ജയരാജൻ പോകുന്നിടത്തെല്ലാം ആളുകൾ തിങ്ങി കൂടുന്നു. എതിരാളികളെ പോലും സ്വന്തം “വ്യക്തിപ്രഭ” കൊണ്ട് പാർട്ടി യിലേക്ക് അടുപ്പിക്കുന്നു.പിണറായി വിജയൻ പങ്കെടുത്ത പൊതു സമ്മേളനത്തിൽ വരെ ജയരാജന് സഖാക്കൾ ജയ് വിളിക്കുന്നു. പാർട്ടിക്ക് അതീതനായി പി ജയരാജൻ വളരാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് മൂർച്ച കൂട്ടാൻ പിന്നേയും തെളിവുകൾ പാർട്ടിക്കുള്ളിലെ എതിരാളികൾ നിരത്തുന്നു. കതിരൂർ മനോജ് വധക്കേസിൽ സിബിഐ ജയരാജനെ കുടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപിച്ച് ജില്ലയിലെ ഏരിയ കമ്മറ്റികൾക്ക് കീഴിൽ നടത്തിയ ” യു എ പി എ വിരുദ്ധ ജനകീയ കൂട്ടായ്മ ” യിൽ പ്രാസംഗികൾക്ക് നൽകിയ കുറിപ്പാ ണ് പാർട്ടി നേതൃത്വത്തിന് മുൻപിൽ പ്രധാന തെളിവായി എത്തിയിരിക്കുന്നത്.പി ജയരാജനെ “ദൈവദൂതൻ ” എന്നാണ് കുറിപ്പിൽ പറയുന്നത്.പാർട്ടിക്ക് അതീതനായി ജയരാജൻ വളരാൻ ശ്രമിക്കുന്നുവെന്നും ഇത് ഭാവിയിൽ ദോഷം ചെയ്യുമെന്നുമാണ് എതിരാളികൾ പറയുന്നത്. ജില്ലയിലെ തന്നെ ഒരു പ്രബലനായ നേതാവാണ് പി ജയരാജനെതിരെയുള്ള നീക്കത്തിന് പിന്നിലെന്നാണ് പറയുന്നത്. പാർട്ടിയുടെ ജീവകാരുണ്യ സംഘടന ജയരാജൻ സ്വന്തം സംഘടനയാക്കി മാറ്റിയെന്നും എതിർവിഭാഗം ആരോപിക്കുന്നു. എന്നാൽപാർട്ടിക്ക് പുറത്തുള്ളവരെ രാഷ്ട്രീയവും മുൻകാല ചരിത്രവും നോക്കാതെ സി പി എമ്മിലേക്ക് എത്തിക്കാൻ ജയരാജൻ നടത്തിയ നീക്കങ്ങളാണ്.ഇവരെ ചൊടിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം .ബി ജെ പി നേതാക്കളായിരുന്ന ഒകെ വാസുവും ,അശോകനും സംഘപരിവാർ ബന്ധം ഉപേക്ഷിച്ച് പാർട്ടിയിലേക്ക് എത്തിയത് ജയരാജന്റെ ഇടപെടൽ മൂലമാണ്.
സമീപകാലത്താണ് ലീഗുകാർ ഉൾപ്പെടെയുള്ളവർ കൂട്ടമായി കണ്ണൂരിൽ സി പി എമ്മിലേക്ക് ചേക്കേറിയത്. രക്തസാക്ഷി കുടുംബങ്ങളിൽ നിന്ന് പോലും എതിർപ്പുയരാതെ കാര്യങ്ങൾ നീക്കുന്നതിൽ അദ്ധേഹം വിജയിക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം ജയരാജൻ സ്വന്തം ഇഷ്ടത്തിന് ചെയ്യുകയാണെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. ജയരാജനെ “മഹത്വവൽകരിക്കാൻ ” ഇടപെടുന്നത് കെ.കെ.രാഗേഷാ ണെന്നും എതിർ ചേരി ആരോപിക്കുന്നു.തലശേരിയിലെ ലോക്കൽ സമ്മേളനം മത്സരം വന്നപ്പോൾ ജയരാജൻ നേരിട്ട് ഇടപെട്ട് നിർത്തി വെച്ചത് ശരിയല്ലെന്നും എതിർ ചേരി കുറ്റപ്പെടുത്തുന്നു. ജയരാജനെ മഹത്വവൽക്കരിച്ച് ഡോക്യുമെൻററി ഉണ്ടാക്കിയത് പാർട്ടി കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണെന്ന് പറയുന്നതിലൂടെ ജയരാജൻ പാർട്ടി വിരുദ്ധനാണെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.
മൂന്ന് തവണ സെക്രട്ടറി സ്ഥാനത്ത് പൂർത്തിയാക്കിയ പി ജയരാജൻ ഈ സമ്മേളന കാലത്ത് സ്ഥാനമൊഴിയേണ്ടി വരും.ജയരാജന് ശേഷം ആര് എന്ന ചർച്ചകൾ സജീവമായിരിക്ക നടക്കുന്ന നീക്കങ്ങൾക്ക് പിന്നിലും വ്യക്തമായ രാഷ്ട്രീയമുണ്ട്. അദ്ധേഹത്തിന്റെ പിൻഗാമിയായി “വിശ്വസ്തൻ ” വരാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഇപ്പോഴത്തെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ നീക്കങ്ങളോട് വൈകാരികമായി തന്നെ പ്രതികരിച്ച പി ജയരാജൻ സെക്രട്ടറി സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് പാർട്ടിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ അണികളുടെ “ആവേശമായ” നേതാവിനെ നടപടി എടുത്ത് “പണി വാങ്ങാൻ ” നേതൃത്വം തയ്യാറാകുമോ എന്നാണ് കണ്ടറിയേണ്ടത്.