എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ജനങ്ങളില്‍ വിപരീതഫലം ഉണ്ടാക്കി; ശബരിമലയിലും വെള്ളാപ്പള്ളി വിഷയത്തിലും പാര്‍ട്ടിക്ക് വീഴ്ച പറ്റി; തുറന്ന് പറഞ്ഞ് പി രാജീവ്

മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ  സംഭവിച്ച പാളിച്ചകള്‍ പരസ്യമായി സമ്മതിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ പി. രാജീവ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടതുമുന്നണി പ്രധാനമായും ഉയര്‍ത്തിയ ‘എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ജനങ്ങളില്‍ വിപരീതഫലമാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. മലപ്പുറത്ത് സംഘടിപ്പിച്ച ഇ.എം.എസ് അനുസ്മരണ പരിപാടിയോടനുബന്ധിച്ച് നടന്ന ‘നവോത്ഥാനം ജനാധിപത്യം വികസനം’ എന്ന ദേശീയ സെമിനാറില്‍ സംസാരിക്കവെയാണ് പാര്‍ട്ടിയുടെ ആത്മപരിശോധനാ വിലയിരുത്തലുകള്‍ അദ്ദേഹം തുറന്നുപറഞ്ഞത്. അവസാന അഞ്ച് വര്‍ഷങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് തോല്‍വിയെ മറികടക്കാന്‍ സഹായിക്കുമെന്ന അമിത ആത്മവിശ്വാസവും, കൃത്യമായ സമയത്ത് നടപടികള്‍ കൈക്കൊള്ളുന്നതില്‍ വന്ന കാലതാമസവുമാണ് ഇടതുപക്ഷത്തിന് തിരിച്ചടിയായതെന്ന് അദ്ദേഹം വ്യക്തമാക്കി.

‘എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ജനങ്ങള്‍ക്കിടയില്‍ തീര്‍ത്തും വിപരീതഫലമാണ് ഉണ്ടാക്കിയതെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി. ഈ മുദ്രാവാക്യം വേണ്ടത്ര ശരിയായില്ല എന്നുതന്നെയാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ അഹങ്കാരത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ മറ്റൊരു തരത്തിലുള്ള ബോധം രൂപപ്പെടാന്‍ കാരണമായി. കംപ്യൂട്ടറില്‍ ചെയ്യുന്നത് പോലെ സംഭവിച്ച തെറ്റുകളെ ഇനി ‘അണ്‍ഡൂ’ ചെയ്യാന്‍ കഴിയില്ലെന്നും, ഭാവിയില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ കുറച്ചുകൂടി ശ്രദ്ധയോടെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ കനത്ത പരാജയമുണ്ടായപ്പോള്‍ പാര്‍ട്ടി പരിശോധന നടത്തിയില്ല എന്ന ആരോപണം തെറ്റാണെന്ന് വ്യക്തമാക്കിയ രാജീവ്, തോല്‍വിയുടെ കാരണങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നെങ്കിലും ഭരണനേട്ടങ്ങളിലുള്ള അമിത പ്രതീക്ഷ തിരുത്തേണ്ടതായിരുന്നു എന്ന് സമ്മതിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഉടനടി തന്നെ ശക്തമായ നടപടികള്‍ സ്വീകരിക്കണമായിരുന്നു. അവിടെ പാര്‍ട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങള്‍ നോക്കി സമയം കളയേണ്ടതില്ലായിരുന്നു എന്നും ഇപ്പോള്‍ പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിഷയത്തിലും ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം സമുദായ നേതാക്കളുടെ വിഷയങ്ങളിലും നയങ്ങളിലും എങ്ങനെ ഇടപെടണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കേണ്ടതുണ്ട്.

ഇന്നലകളുടെ തനിയാവര്‍ത്തനങ്ങള്‍ കൊണ്ട് ഇന്നിന്റെ മാറുന്ന രാഷ്ട്രീയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ രാജീവ്, കാലത്തിനനുസരിച്ചുള്ള പുതിയ സമരമുറകള്‍ പാര്‍ട്ടിക്ക് ആവശ്യമാണെന്ന് ഓര്‍മ്മിപ്പിച്ചു. നിലവിലെ പ്രതിസന്ധി ഘട്ടത്തെ മറികടക്കണമെങ്കില്‍ ഇന്നിന്റെ യാഥാര്‍ഥ്യങ്ങളെ കൃത്യമായി മനസ്സിലാക്കി, അതിനനുസരിച്ചുള്ള പുതിയ പ്രവര്‍ത്തന രൂപങ്ങള്‍ ആവിഷ്‌കരിച്ച് മുന്നോട്ട് പോകുന്ന പാര്‍ട്ടിയായി സിപിഎം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Top