തിരുവനന്തപുരം: ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു.പല തവണ നോട്ടീസ് നല്‍കിയിട്ടും സ്പീക്കര്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് കസ്റ്റംസ് തിരുവനന്തപുരത്തെ വീട്ടിലെത്തി ചോദ്യം ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു നടപടി.ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യാന്‍ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ നേരത്തെ കസ്റ്റംസ് ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കിയിരുന്നു. വ്യാഴാഴ്ച ഹാജരാകണം എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ അസുഖമാണെന്ന് പറഞ്ഞ് അദ്ദേഹം ഹാജരായിരുന്നില്ല.
അതീവ രഹസ്യമായിട്ടായിരുന്നു സ്പീക്കറെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ നീക്കങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയാണ് ചോദ്യം ചെയ്തതെങ്കിലും ഇപ്പോഴാണ് ഈ വിവരങ്ങള്‍ പുറത്തറിയുന്നത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നെന്നാണ് വിവരം.
വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന ആരോപണ ത്തില്‍ നിരവധി മൊഴികള്‍ കസ്റ്റംസ് ഇതിനോടകം തന്നെ ശേഖരിച്ചിട്ടുണ്ട്. സ്പീക്കറുടെ മൊഴി ഇവയുമായി ഒത്തുചേരുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് അടുത്ത നടപടി. അതിന് ശേഷമാവും മറ്റ് നിയമനടപടികളിലേക്ക് കടക്കുക.
കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ രണ്ട് മാസത്തോളമായി കസ്റ്റംസ് ശ്രമം നടത്തുന്നുണ്ടായിരുന്നു. രണ്ട് തവണ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്പീക്കര്‍ തയ്യാറായിരുന്നില്ല. ആദ്യ നോട്ടീസിന് കാബിനറ്റ് പദവിയുള്ള സ്പീക്കറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതിയില്ലെന്ന മറുപടിയായിരുന്നു സ്പീക്കറുടെ ഓഫീസ് നല്‍കിയിരുന്നത്. താന്‍ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്നും തെരഞ്ഞെടുപ്പിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാം എന്നായിരുന്നു രണ്ടാമത്തെ നോട്ടീസിന് സ്പീക്കര്‍ നേരിട്ട് ഇ മെയിലിലൂടെ നല്‍കിയ മറുപടി.
തുടര്‍ന്ന് തെരഞ്ഞെടുപ്പിന് ശേഷം എട്ടാം തിയതി കൊച്ചിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സ്പീക്കര്‍ അന്നും ഒഴിഞ്ഞുമാറി. ഇതോടെയാണ് കസ്റ്റംസ് സ്പീക്കറുടെ വസതിലെത്തി ചോദ്യം ചെയ്തത്.
സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തെ തുടര്‍ന്നാണ് ഡോളര്‍ കടത്ത് ആരോപണം സ്പീക്കര്‍ക്കെതിരെ ഉയര്‍ന്നത്. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ മുഖേന വിദേശത്തേക്ക് ഡോളര്‍ കടത്തിയിട്ടുണ്ടെന്നായിരുന്നു സ്വര്‍ണ കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും മൊഴി. തുടര്‍ന്നാണ് അന്വേഷണം സ്പീക്കര്‍ ശ്രീരാമകൃഷ്ണനിലേക്ക് തിരിഞ്ഞത്.