ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്നത് വെറും മാധ്യമ സൃഷ്ടി -സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.

കോഴിക്കോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്നത് വെറും മാധ്യമ സൃഷ്ടി മാത്രമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അന്വേഷണ ഏജന്‍സികള്‍ ഇതുവരെ തന്നെ ഈ കേസിൽ ബന്ധപ്പെട്ടിട്ടില്ല.മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവും സ്പീക്കര്‍ ഉന്നയിക്കുന്നുണ്ട്. വാര്‍ത്താ ദാരിദ്ര്യം ഉണ്ടാകുമ്പോള്‍ പടച്ചുവിടുന്നതാണ് ഇത്തരം തെറ്റായ വാര്‍ത്തകള്‍ എന്നാണ് ശ്രീരാമകൃഷ്ണന്‍ പറയുന്നത്. പി ശ്രീരാമകൃഷ്ണനെ അനൗദ്യോഗികമായി വിളിച്ചുവരുത്തി കസ്റ്റംസ് മൊഴി എടുക്കും എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്ത.വാര്‍ത്തകള്‍ക്ക് ദാരിദ്ര്യമുള്ളപ്പോള്‍ മാധ്യമങ്ങള്‍ പടച്ചുവിടുന്ന തെറ്റായ വാര്‍ത്തകള്‍ക്കുള്ള ഉദാഹരണമാണ് തന്നെ ചോദ്യം ചെയ്യുമെന്നത് എന്നാണ് പി ശ്രീരാമകൃഷ്ണന്റെ പ്രതികരണം. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ ആണ് വാര്‍ത്തകളായി വരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്.ഡോളര്‍ കേസില്‍ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്ന കാര്യം താന്‍ അറിഞ്ഞിട്ടില്ല എന്നും അദ്ദേഹം പറയുന്നു. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ അത് എത്രത്തോളം വാസ്തവ വിരുദ്ധമാണെന്നതും ജനാധിപത്യവിരുദ്ധമാണെന്നും വ്യക്തിഹത്യയുടെ സ്വഭാവമുള്ളതാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം എന്നും അദ്ദേഹം പറയുന്നുണ്ട്.വാര്‍ത്താ ദാരിദ്രം കൊണ്ടാണ് ഇത്തരത്തിൽ വാർത്തകൾ നൽകുന്നത്. ബ്രേക്കിംഗ് ന്യൂസ് ഉണ്ടാക്കാനുള്ള ആവേശത്തില്‍ വ്യക്തിഹത്യയ്ക്ക് സമാനമായ വാര്‍ത്തകൊടുക്കുന്നത് ശരിയോണോയെന്ന് മാധ്യമങ്ങൾ ചിന്തിക്കണം. തെറ്റുകാരനല്ലെന്ന് ബോധ്യമുണ്ടെന്നും പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് മാറിനില്‍ക്കണമെന്ന് തോന്നിയിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി സഹകരിച്ച് നടത്തുന്ന മദ്രസാ അധ്യാപക പരിശീലന ക്യാമ്പ് പരിപാടിയില്‍ എത്തിയതായിരുന്നു സ്പീക്കര്‍. മന്ത്രി കെ.ടി ജലീല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

അധ്യാപക നിയമനത്തില്‍ പരാതി ഉയര്‍ന്നിട്ടില്ല. എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയ്ക്ക് ജെ.ആര്‍.എഫ്. യോഗ്യതയുണ്ടെന്നും മറിച്ചുള്ള പ്രചാരണത്തില്‍ കാര്യമില്ലെന്നും മന്ത്രി കെ.ടി. ജലീലും പ്രതികരിച്ചു. സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കുന്നവരാണ്. ഇത്തവണ ഹജ്ജിന് അനുമതി ലഭിക്കുന്നവരുടെ എണ്ണം കുറവായിരിക്കും. കരിപ്പൂരിലും ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു.

സ്വർണക്കടത്തിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡോളർ കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസറായിരന്ന ഖാലിദ് ഒന്നരക്കോടി രൂപയുടെ അമേരിക്കന്‍ ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്നായിരുന്നു സ്വപ്നയുടെയും സരിത്തിന്റെയും മൊഴി. ഗള്‍ഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിക്ഷേപം ഉണ്ടെന്നും ഡോളര്‍ കടത്തിന് ഇതുമായി ബന്ധമുണ്ടെന്നും പ്രതികള്‍ മൊഴി നല്‍കിയതായും വിവരമുണ്ട്. ഇക്കാര്യത്തിൽ കോടതി രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

Top