കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയും കുടുംബവും കൈവശപ്പെടുത്തിയ മിച്ചഭൂമി തിരിച്ചു പിടിക്കാത്തതില്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച് കണ്ണൂര്‍ സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍. ഹൈക്കോടതി ഉത്തരവ് നല്‍കാന്‍ വൈകിയതിലാണ് മാപ്പപേക്ഷ നല്‍കിയത്. നടപടികള്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് അപേക്ഷയില്‍ വ്യക്തമാക്കുന്നു.
സത്യവാങ്മൂലം രേഖപ്പെടുത്തിയ കോടതി, കേസ് പരിഗണിക്കുന്നത് ഒക്ടോബറിലേക്ക് മാറ്റി. പി വി അന്‍വര്‍ എംഎല്‍എ ക്കെതിരായ മിച്ചഭൂമി കേസിലെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഒക്ടോബര്‍ 18 വരെയാണ് ഹൈക്കോടതി സമയം നല്‍കിയത്.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമുള്ള റിപ്പോര്‍ട്ട് കോടതി പിന്നീട് പരിഗണിക്കും. മലപ്പുറം ജില്ലാ വിവരാവകാശ പ്രവര്‍ത്തക കൂട്ടായ്മ കോഓര്‍ഡിനേറ്റര്‍ കെ വി ഷാജി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.