കൊച്ചി: താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങളില്‍ പ്രസിഡന്റ് മോഹന്‍ലാലിന്റെ വാദങ്ങള്‍ തള്ളി നടി പദ്മപ്രിയ. വനിതാ കൂട്ടായ്മയിലെ ഒരാളും കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ മത്സരിക്കണമെന്ന് അറിയിച്ചിരുന്നില്ലെന്ന മോഹന്‍ലാലിന്റെ വാദം പദ്മപ്രിയ തള്ളി. ജനറല്‍ ബോഡി യോഗത്തില്‍ മത്സരിക്കാനുള്ള താല്‍പ്പര്യം പാര്‍വതി അറിയിച്ചിരുന്നു. എന്നാല്‍ സെക്രട്ടറി ഇടപെട്ട് പാര്‍വതിയെ പിന്തിരിപ്പിക്കുകയായിരുന്നെന്ന് പദ്മപ്രിയ പറഞ്ഞു.
അമ്മയില്‍ ജനാധിപത്യമില്ലെന്നും ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ് ജനറല്‍ ബോഡി ചേരുന്നതെന്നും പദ്മപ്രിയ പറഞ്ഞു. അമ്മയുടെ പരിപാടിക്കിടെ വനിതാ കൂട്ടായ്മയിലെ അംഗങ്ങളെ പരിഹസിച്ച് അവതരിപ്പിച്ച സ്‌കിറ്റ് തമാശയായി കാണണമെന്ന മോഹന്‍ലാലിന്റെ നിലപാടിനോട് യോജിക്കാനാകില്ല. അത് സ്ത്രീകളെ അപമാനിക്കുന്നതാണെന്ന വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പദ്മപ്രിയ കൂട്ടിച്ചേര്‍ത്തു.
റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്ബീശന്‍, ഭാവന എന്നിവര്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് മോഹന്‍ലാല്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പദ്മപ്രിയ കൂട്ടിച്ചേര്‍ത്തു. താരസംഘടനയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മോഹന്‍ലാല്‍ നിലപാട് പ്രഖ്യാപിച്ചത്.