ന്യൂഡൽഹി : ഇന്തോ- നേപ്പാൾ അതിർത്തിയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി പാകിസ്താൻ. ഇതിന്റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിൽ മസ്ജിദുകളും, മദ്രസകളും പണിയാൻ പാകിസ്താൻ വൻതോതിൽ സാമ്പത്തിക സഹായം നൽകി വരുന്നതായാണ് വിവരം. ഇന്ത്യൻ സുരക്ഷാ ഏജൻസികളാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്ന ഇസ്ലാമിക സംഘടനായ ദവാത്- ഇ- ഇസ്ലാമിയ ആണ് മസ്ജിദുകളും, മദ്രസകളും നിർമ്മിയ്ക്കാനായി സാമ്പത്തിക സഹായം നൽകുന്നത് .പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ദവാത് ഇ ഇസ്ലാമിയ പ്രതിനിധികൾക്ക് താമസിയ്ക്കാൻ അതിർത്തിയിൽ പുതിയ രണ്ട് നില ഗസ്റ്റ് ഹൗസിന്റെ നിർമ്മാണം പുരോഗമിയ്ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.
ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കായി മസ്ജിദുകൾ പണിയാൻ ഇതുവരെ സംഘടന 1.25 കോടി രൂപ നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇന്തോ- നേപ്പാൾ അതിർത്തിയിലെ റൗട്ടാഹട്ട്, പർസ, കപിലവസ്തു, സുൻസാരി, ബാരാ എന്നീ പ്രദേശങ്ങളിലാണ് മസ്ജിദുകളും മദ്രസകളും നിർമ്മിയ്ക്കുന്നത്.
ഇതിന് പുറമേ ഉത്തർപ്രദേശിനോട് ചേർന്ന് കിടക്കുന്ന നേപ്പാൾ പ്രദേശങ്ങളിൽ ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ സ്വാധീനം ശക്തിപ്പെടുത്താനും സംഘടന നീക്കം നടത്തുന്നതായാണ് വിവരം. ഭീകരർക്ക് താമസിയ്ക്കുന്നതിനും ആയുധങ്ങൾ എത്തിയ്ക്കുന്നതിനായി സംഘടന ഭീകരർക്ക് സഹായം നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.