ഇന്ത്യന്‍ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ കൊല്ലപ്പെട്ടെന്നു സൂചന. പാകിസ്ഥാനിലെ സ്പെഷൽ സർവീസ് ഗ്രൂപ്പിലെ സുബേദാർ അഹമ്മദ് ഖാനാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വാര്‍ത്ത . നിയന്ത്രണ രേഖയിലെ നഖ്യാല മേഖലയിൽ ശനിയാഴ്ച നടന്ന വെടിവയ്പിലാണ് അഹമ്മദ് ഖാന്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഫെബ്രുവരിയിൽ അഭിനന്ദൻ പാക് സൈനികരുടെ പിടിയിലായതിനു ശേഷം പുറത്തുവിട്ട ചിത്രങ്ങളിൽ നിന്നാണ് സുബേദാര്‍ അഹമ്മദ് ഖാനാണ് കൊല്ലപ്പെട്ടതെന്ന സംശയം അധികൃതര്‍ക്ക് ഉടലെടുത്തത്. ചിത്രങ്ങളില്‍ അഭിനന്ദനെ പിടികൂടിയവരില്‍ കൂടെ ഉണ്ടായിരുന്ന വ്യക്തിക്ക് കൊല്ലപ്പെട്ട ആളുടെ മുഖസാദൃശ്യമുണ്ടെന്നുമാണ് ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിഗമനം. ഇരുവര്‍ക്കുമുള്ള താടിയാണ് സാദൃശ്യമായി സുരക്ഷാഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
കശ്മീരിലെ നൗഷേര, സുന്ദർബനി, പല്ലൻവാല മേഖലകളിൽ നുഴഞ്ഞുകയറ്റം സുഗമമാക്കുന്നതിന് പാക് സൈന്യം അഹമ്മദ് ഖാനെ നന്നായി ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. കശ്മീരിൽ അഹമ്മദ് ഖാന്‍റെ നേതൃത്വത്തിൽ ഫോർവേഡ് പോസ്റ്റുകളിൽ പരിശീലനം നേടിയ ജയ്ഷെ മുഹമ്മദ് ഭീകരരെ വിന്യസിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഭീകരവാദം സജീവമായി നിലനിർത്താനുള്ള പാക് പദ്ധതിയുടെ ഭാഗമായായിരുന്നു ഇത്.
കഴിഞ്ഞ ഫെബ്രുവരി 27ന് ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച പാക് യുദ്ധവിമാനമായ എഫ് 16 വിമാനത്തെ ഇന്ത്യന്‍ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ പാക് പിടിയിലായ അദ്ദേഹം മാർച്ച് ഒന്നിന് മോചിതനായി. ഇന്ത്യ അതിശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് പാകിസ്ഥാന്‍ അഭിനന്ദനെ മോചിപ്പിച്ചത്. കശ്മീരിലെ ശ്രീനഗർ വ്യോമതാവളത്തിൽ സേവനമനുഷ്ഠിച്ചിരുന്ന അഭിനന്ദൻ സുരക്ഷാ കാരണങ്ങൾ മൂലം നിലവിൽ മറ്റൊരു ക്യാംപിലാണുള്ളത്.