യു.എൻ സുരക്ഷ കൗൺസിലിൽ വീണ്ടും കശ്മീർ പ്രശ്നം ! ആരും പിന്തുണയ്ക്കാനില്ലാതെ നാണം ‌കെട്ട് ചൈന.

ന്യൂഡല്‍ഹി:ഇന്ത്യക്ക് മുന്നിൽ വീണ്ടും നാണം ‌കെട്ട് ചൈന. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ വിഷയം യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഉന്നയിച്ച് ചൈന. എന്നാല്‍ ഒരു രാജ്യത്തിന്റെയും പിന്തുണ വിഷയത്തില്‍ ചൈനയ്ക്ക് ലഭിച്ചില്ല. പാകിസ്താന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു കശ്മീര്‍ വിഷയം ചൈന യുഎന്നില്‍ അവതരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പാകിസ്താന്‍ ചൈനയ്ക്ക് കത്ത് നല്‍കിയിരുന്നു.

‘ഓള്‍ അദര്‍ ബിസിനസ്’ വിഭാഗങ്ങളില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് ചൈന കശ്മീര്‍ പ്രശ്‌നം ഉന്നയിച്ചത്. എന്നാല്‍ ഉഭയകക്ഷി വിഷയങ്ങള്‍ ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് യുഎസിന്റെയും മറ്റ് രാജ്യങ്ങളുടേയും പ്രതിനിധികള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കശ്മീര്‍ വിഷയം യുഎന്‍ സുരക്ഷ കൗണ്‍സിലിന് മുന്നില്‍ വെക്കണമെന്ന് വാദിച്ച ഒരേ ഒരു രാജ്യമായിരുന്നു ചൈന.

സംഭവത്തിന് പിന്നാലെ ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ചൈന ഇടപെടേണ്ടതില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇത്തരത്തില്‍ ഫലമില്ലാത്ത ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ചയ്ക്ക് വന്നിട്ടില്ലാത്തതിനാല്‍ അതിന്മേല്‍ നടപടിയോ ചര്‍ച്ചകളോ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെയും, ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയ തീരുമാനത്തെയും ചൈന തുടക്കം മുതല്‍ തന്നെ വിമര്‍ശിച്ചിരുന്നു. ലഡാക്കിന്റെ വിവിധ ഭാഗങ്ങള്‍ തങ്ങളുടേതാണെന്ന വാദവും ചൈന മുന്നോട്ട് വയ്ക്കുകയുണ്ടായി. ഇതിന് മുന്‍പും  വിഷയം യുഎന്നിന് മുന്‍പാകെ എത്തിക്കാന്‍ ചൈന ശ്രമിച്ചിരുന്നു. എന്നാല്‍ എല്ലാ തവണയും യുഎന്നിലെ മറ്റ് അംഗങ്ങള്‍ ഈ നീക്കത്തെ തടയുകയായിരുന്നു.

Top