അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗർ∙ ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ കനത്ത വെടിവയ്പ്പുമായി വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ മെന്ദര്‍ മേഖലയിലാണ് പാക് റേഞ്ചേഴ്സ് കനത്ത വെടിവയ്പ് നടത്തിയത്. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. മേഖലയില്‍ പാക്കിസ്ഥാന്‍ ഇടവിട്ട് വെടിവയ്പ് തുടരുകയാണ്. ജവാന്‍മാരുടെ മൃതദേഹം വികൃതമാക്കിയ പാക് നടപടിക്കെതിരെ ഇന്ത്യ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെയാണ് തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ പ്രകോപനം തുടരുന്നത്.

രണ്ട് ഇന്ത്യൻ സൈനികരെ നിഷ്ഠുരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോട് അനാദരം കാട്ടിയ പാക്കിസ്ഥാനെതിരെ അതിശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിനു കേന്ദ്രസർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. സൈനികരെ ശിരച്ഛേദം ചെയ്ത കിരാതമായ നടപടിക്കെതിരെ തക്കതായ രീതിയിൽ തിരിച്ചടിക്കുമെന്ന് അസന്നിഗ്ധമായ ഭാഷയിൽ പാക്കിസ്ഥാന് ഇന്ത്യ മുന്നറിയിപ്പു നൽകുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറു മാസത്തിനിടെ മൂന്നാം തവണയാണ് ഇന്ത്യൻ സൈനികരുടെ മൃതദേഹം പാക്കിസ്ഥാൻ വികൃതമാക്കുന്നത്. എന്നാൽ സൈനികരുടെ മൃതദേഹത്തോട് അനാദരം കാട്ടിയില്ലെന്നു വാദിച്ച പാക്കിസ്ഥാൻ, ഇന്ത്യയുടെ പ്രതികരണത്തെ വിമർശിക്കുകയും ചെയ്തു.

അതിനിടെ ഷോപ്പിയാനിലെ ജില്ലാ കോടതി വളപ്പിലുള്ള പൊലീസ് പോസ്റ്റില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ സേനയുടെ തോക്കുകളുമായി കടന്നുകളഞ്ഞു. രക്ഷപെട്ട ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഈ സമയത്ത് അഞ്ച് പൊലീസുകാർ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും ഇവരെ കീഴ്പ്പെടുത്തിയാണ് ഭീകരർ തോക്കുകളുമായി കടന്നത്. അഞ്ചു പൊലീസുകാരെയും സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. കരേസന മേധാവി ബിപിന്‍ റാവത്ത് ശ്രീനഗര്‍ സന്ദര്‍ശിച്ച് സുരക്ഷ വിലയിരുത്തിയതിന് പിന്നാലെയാണ് പാക് പ്രകോപനം ഉണ്ടായത്.

Top