കോട്ടയം :പാലായിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ സമവായത്തിലെത്താനാകാതെ കേരള കോണ്‍ഗ്രസ് കെ.എം മാണിയുടെ കുടുംബത്തില്‍ നിന്നുള്ള അംഗം തന്നെ മത്സരിക്കണമെന്ന ഒരു വിഭാഗം പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ച് നിഷ ജോസ് കെ മാണിയെ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സൂചന. എന്നാല്‍ കെ.എം മാണിയുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ വരുന്നതിനെ ജോസഫ് അനുകൂലിക്കുന്നില്ല. നിഷാ ജോസിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കങ്ങളാണ് ജോസ് ഗ്രൂപ്പില്‍ നടക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ഥിയെ ജോസഫ് പ്രഖ്യാപിക്കുമെന്ന് ജോയ് എബ്രഹാം പറഞ്ഞു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതോടൊപ്പം പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ഉറപ്പുവരുത്താനാണ് ജോസഫ് വിഭാഗം ശ്രമിക്കുന്നത്. ജയം ഉറപ്പുള്ള സ്ഥാനാര്‍ഥിക്കായിരിക്കും രണ്ടില ചിഹ്നം അനുവദിക്കുകയെന്നും ഞായറാഴ്ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും പി.ജെ ജോസഫും പറഞ്ഞു.പാലായിലെ സ്ഥാനാര്‍ഥിയെ പി.ജെ ജോസഫ് പ്രഖ്യാപിക്കുമെന്ന് ജോയ് എബ്രഹാം പറഞ്ഞു. സമവായത്തിലൂടെ സ്ഥാനാര്‍ഥിയെ കണ്ടെത്തും. സ്ഥാനാര്‍ഥിയെക്കുറിച്ച് യു.ഡി.എഫില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്.
നാടകങ്ങള്‍ എല്ലാവരും കാണുന്നുണ്ടെന്ന് ജോയ് എബ്രാഹം പറഞ്ഞു. മധ്യസ്ഥ ചര്‍ച്ചക്കായി യു.ഡി.എഫ് നേതാക്കളുമായി മറ്റന്നാള്‍ ചര്‍ച്ച നടത്തും. സമവായത്തിലൂടെ സ്ഥാനാര്‍ഥിയെ കണ്ടെത്തും. പി.ജെ ജോസഫായിരിക്കും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. യു.ഡി.എഫ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥിക്കൊപ്പം തങ്ങളുണ്ടാകുമെന്നും ജോയ് എബ്രഹാം പറഞ്ഞു.
അതേസമയം പാലായില്‍ കെ.എം മാണിയുടെ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥി വേണമെന്ന് യൂത്ത് ഫ്രണ്ട് ജോസ് കെ.മാണി വിഭാഗം ആവശ്യപ്പെട്ടു. ജോസഫ് വിഭാഗം സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടില്ല. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടികയില്‍ മീഡിയവണിനോട് പറഞ്ഞു.നിഷയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന യൂത്ത് ഫ്രണ്ടും കേരള കോണ്‍ഗ്രസ് വനിതാ വിഭാഗവും ആവശ്യപ്പെട്ടിരുന്നു. ഇന്ന് സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളുമായി ജോസ് കെ.മാണി ചര്‍ച്ച നടത്തും. ഇതിനു ശേഷം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ജോസ് കെ. മാണി വിഭാഗം അന്തിമ തീരുമാനത്തില്‍ എത്തും.
എന്നാല്‍ ഒന്നാം തീയതി ചേരുന്ന പാര്‍ട്ടി യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്ന് പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു പാനല്‍ തയ്യാറാക്കി ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ ആയിരിക്കും യു.ഡി.എഫ് തെരഞ്ഞെടുക്കേണ്ടത്. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്കായിരിക്കും ചിഹ്നം അനുവദിക്കുക. കെ.എം മാണി മത്സരിച്ചപ്പോള്‍ പോലും ശക്തമായ മത്സരമാണ് എല്‍.ഡി.എഫ് കാഴ്ചവച്ചതെന്നും അദ്ദേഹം പറഞ്ഞു. നിഷ ജോസ് കെ.മാണി മത്സരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തിപരമായി ആരെയും പറയാന്‍ താന്‍ തയ്യാറല്ല. എല്ലാം യു.ഡി.എഫ് നേതൃത്വം തീരുമാനിക്കുമെന്നു ജോസഫ് പ്രതികരിച്ചു.
അതേസമയം, രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ.മാണി പാലായില്‍ മത്സരിക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നില്ല. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമവും തുടരുന്നുണ്ട്. ജോസ് കെ.മാണി സ്ഥാാര്‍ത്ഥിയാകുമെന്നത് ഇടതുപക്ഷത്തിന്റെ പ്രചാരണം മാത്രമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.