കൊച്ചി:അടുത്ത തെരഞ്ഞെടുപ്പിലും പാലായിൽ ഞാൻ തന്നെ സ്ഥാനാർഥിയെന്ന് മാണി.സി.കാപ്പൻ.2021 ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ഇടത് സ്ഥാനാർത്ഥി താൻ തന്നെ ആകും എന്ന് മാണി സി കാപ്പൻ വ്യക്തമാക്കി.കേവലം തന്റെ നിലപാട് മാത്രമല്ല ഇതെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ ദേശീയ അധ്യക്ഷൻ ശരത് പവാറും ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നിന്നുള്ള മുതിർന്ന നേതാക്കളായ എ.കെ ശശീന്ദ്രനോടും പീതാംബരൻ മാസ്റ്ററോടും തന്നോടും ശരത്പവാർ ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പു നൽകിയിട്ടുണ്ട്. എൻസിപി വിജയിക്കുന്ന സീറ്റുകൾ വിട്ടു നൽകാൻ ആവില്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാടെന്നും മാണി സി കാപ്പൻ പറഞ്ഞു.പാലാ സീറ്റ് വിട്ടു നൽകില്ലെന്ന് മാണി സി കാപ്പൻ എംഎൽഎ. പാലാ മാണിയെ സംബന്ധിച്ച് ഭാര്യയാകും. പക്ഷേ തന്റെ ചങ്കാണ്. ജയിച്ച സീറ്റ് വിട്ടു നൽകാൻ സാധിക്കില്ലെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തതാണ് പാലാ സീറ്റ്. അത് കൈമാറാനാകില്ല. വൈകാരിക ബന്ധം പറഞ്ഞ് ആരും പാലായിലേക്ക് വരേണ്ട. എൻസിപി വിജയിച്ച മൂന്ന് സീറ്റുകളും വിട്ടു നൽകില്ല. മാണി സി കാപ്പനെ തെരഞ്ഞെടുത്തത് നഷ്ടമാണെന്ന് പാലാക്കാർ പറയില്ല. ജോസ് കെ മാണി വന്നതുകൊണ്ട് പാലായിൽ പ്രത്യേകിച്ച് ഗുണമില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.ജോസ് കെ മാണി വിഷയം എൽഡിഎഫ് ചർച്ച ചെയ്തിട്ടില്ല. എൻസിപിയുമായും ആരും ചർച്ച ചെയ്തിട്ടില്ല. ജോസ് കെ മാണി ഇടത് മുന്നണിയിലേക്ക് വന്നാൽ സ്വാഗതം ചെയ്യും. പക്ഷേ തങ്ങളുടെ അക്കൗണ്ടിൽ കിടക്കുന്ന സീറ്റ് കൊടുത്തിട്ട് വേണ്ട. ഇടതു മുന്നണിയിൽ ഉറച്ചു നിൽക്കാനാണ് തങ്ങളുടെ തീരുമാനമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.കാനം രാജേന്ദ്രനെ എപ്പോഴും കാണാറുണ്ട്. രാഷ്ട്രീയ ചർച്ചകൾ നടത്താൻ അല്ല കഴിഞ്ഞദിവസം കാനത്തെ കണ്ടത്. സീറ്റ് പിടിച്ചെടുത്ത എൻസിപിക്കാണ് ഇപ്പോൾ പാലായുമായി ആത്മബന്ധമെന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു.