കോട്ടയം: തെരഞ്ഞെടുപ്പ് ചൂട് കൂടുമ്പോൾ പാല നിയമസഭ പ്രവചനാതീത നിലയിലേയ്ക്ക് കടക്കുകയാണ്. യുഡിഎഫിന് പലപ്പോഴായി ഏറ്റ തിരിച്ചടി മുതലെടുത്ത് കത്തിക്കയറാനാണ് എൽ.ഡി.എഫ് ശ്രമം. ബിജെപിയുടെ ശക്തമായ മത്സരത്തിന് ശ്രമം നടത്തുന്നതാണ് മണ്ഡലത്തെ പ്രവചനാതീതമാക്കി മാറ്റുന്നത്. പ്രതിസന്ധികൾക്കിടയിലും, കെ.എം. മാണിക്ക് ശേഷം മണ്ഡലം നിലനിർത്തുക എന്ന കഠിനമായ പരീക്ഷണമാണ് യുഡിഎഫ് നേരിടുന്നത്.
യു.ഡി.എഫ് അനുനയത്തിന് വഴങ്ങി രണ്ട് ദിവസം കഴിഞ്ഞിട്ടും പി.ജെ. ജോസഫ് വിഭാഗം പാലായിൽ പ്രചാരണത്തിനിറങ്ങിയില്ല. ജോസഫ് വിഭാഗത്തിന്റെ പാലാ നിയോജക മണ്ഡലം കമ്മിറ്റി ചേർന്ന ശേഷം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ അറിയിച്ചത്. എന്നാൽ രണ്ടു ദിവസം കഴിഞ്ഞിട്ടും കമ്മിറ്റി കൂടിയിട്ടില്ല. തുടർന്നാണ് ജോസഫ് വിഭാഗം പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുന്നത്.
കൺവീനർ ബെന്നി ബഹനാന്റെ നേതൃത്വത്തിൽ 10ന് കോട്ടയത്ത് ചേർന്ന യു.ഡി.എഫ് ഉപസമിതി യോഗമാണ് കൺവെൻഷനിൽ പങ്കെടുക്കുന്ന ജോസഫിനെ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകിയത്. അതേസമയം ജോസഫ് ഗ്രൂപ്പ് പ്രചാരണത്തിനിറങ്ങിയില്ലെങ്കിലും പാലായിൽ ജയിച്ച് തങ്ങളുടെ ശക്തി കാണിക്കാനാണ് ജോസ് വിഭാഗത്തിന്റെ നീക്കം. പ്രചാരണത്തിന് യു.ഡി.എഫിന്റെ ശക്തമായ പിന്തുണയുമുണ്ട്. അതേസമയം ജോസഫിന്റെ അസാന്നിദ്ധ്യം ഇടതുമുന്നണി പ്രചാരണായുധമാക്കുകയാണ്.
പ്രചാരണച്ചൂട് കൂടിയതോടെ സ്ഥാനാർത്ഥികൾ മണ്ഡല പര്യടനം തുടങ്ങി. എൻ.ടി.എ സ്ഥാനാർത്ഥി എൻ. ഹരിയുടെ പര്യടനം ഇന്നലെ മുത്തോലിയിൽ സംസ്ഥാന സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. ഇടതു സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ പര്യടനം 14ന് രാവിലെ തലപ്പലത്ത് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ പര്യടനവും 14ന് രാവിലെ 9ന് കൊഴുവനാലിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.