പുതുക്കാട് : ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് സമരക്കാര്‍ തുറന്ന പാലിയേക്കര ടോള്‍ പ്ലാസ സമാന്തരപാത വീണ്ടുമടച്ചു. ശനിയാഴ്ച രാത്രി സാമൂഹികപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുറന്ന പാതയാണ് ടോള്‍ പ്ലാസ അധികൃതര്‍ ഇരുമ്പുതൂണുകള്‍ സ്ഥാപിച്ച് അടച്ചുകെട്ടിയത്. ചാലക്കുടി ഡിവൈഎസ്പി പി വാഹിദിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് കാവലിലായിരുന്നു നടപടി. നേരത്തേ കാറുകള്‍ക്ക് ഇതിലൂടെ പോവാമായിരുന്നു. ഇപ്പോള്‍ 1.3 മീറ്റര്‍ വീതി മാത്രം വിട്ടാണ് അടച്ചത്. തിങ്കളാഴ്ച്ച വെളുപ്പിന് രണ്ടിന് ആരംഭിച്ച പ്രവൃത്തികള്‍ രാവിലെ ആറോടെ പൂര്‍ത്തിയാക്കി. കലക്ടറുടെ നിര്‍ദേശപ്രകാരമാണ് പോലിസ് സംരക്ഷണം നല്‍കിയതെന്നാണ് പറയുന്നത്. എന്നാല്‍, തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് ചിലര്‍ സമാന്തരപാതയുടെ തടസ്സം നീക്കിയതെന്നും ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും ജില്ലാ കലക്ടര്‍ എ കൗശിഗന്‍ അറിയിച്ചു. സമാന്തര പാത അടച്ചുകെട്ടുന്നതിന് ടോള്‍ പ്ലാസ അധികൃതര്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു. ദേശീയപാതയിലെ അപാകതകളും ചിറങ്ങരയിലെ സര്‍വീസ് റോഡിന്റെ പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
380 കോടി രൂപ മുടക്കി നിര്‍മ്മിച്ച പാലിയേക്കര റോഡില്‍ നിന്നും ഇതുവരെ പിരിച്ചെടുത്തത് 1500 കോടിയിലേറെ രൂപ. പാലിയേക്കര ടോള്‍ പ്ലാസയിലെ സമാന്തരപാതയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഈപാത സഞ്ചാരത്തിനായി തുറന്നു കൊടുക്കാന്‍ കലക്ടര്‍ ഉത്തരവിടുകയും ചെയ്തു. ഇതോടെ ഉത്തരവ് നടപ്പിലാക്കാന്‍ അധികാരികള്‍ മടിച്ചു നിന്നതോടെ നാട്ടുകാര്‍ ഇറങ്ങി സമാന്തര പാതയിലേക്കുള്ള വഴി പൊളിച്ചു. ഇത് കഴിഞ്ഞ ദിവസം പൊലീസ് അകമ്പടിയോടെ അധികൃതര്‍ പൊളിച്ചു നീക്കി. പ്രദേശവാസികളുടെ എതിര്‍പ്പും ശക്തമായിട്ടുണ്ട്. സമാന്തരപാത അടച്ചു പൂട്ടിയത് വഴി ജനങ്ങളുടെ അവകാശ നിഷേധമാണ് നടന്നിരിക്കുന്നത് . പി.ഡബ്ല്യൂ.ഡി.യുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ തുറന്നു കൊടുക്കാന്‍ ഉത്തരവിട്ട റോഡാണ് അടച്ചുപൂട്ടിയത്. ഇതിന് സര്‍ക്കാര്‍ നിസ്സംഗത പാലിച്ചെന്ന ആക്ഷേപവും ശക്തമാണ്.
സര്‍ക്കാരും മന്ത്രിമാരും ടോള്‍ കൊള്ളയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ഇപ്പോള്‍ സമരമുഖത്തുള്ള ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തുന്നു. റോഡ് അടച്ചതോടെ 96 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച റോഡാണ് പാലിയേക്കരക്കാര്‍ക്ക് ഉപകാരമില്ലാതെയായത്. ഇതിന് കാരണക്കാരായതാകട്ടെ ടോള്‍ പിരിവ് കമ്പനിയും.പ്രതിദിനം 50-60 ലക്ഷം രൂപയാണ് ഇവിടെ തിന്നും ടോളായി പിരിക്കുന്നത്. അതേസമയം 380 കോടി മാത്രമാണ് നിര്‍മ്മാണ ചെലവായതും. കരാര്‍ പ്രകാരം ഇനിയും വര്‍ഷങ്ങളോളം ടോള്‍ പിരിക്കാന്‍ കമ്പനിക്ക് കഴിയും. ഇതിനിടെയാണ് ചെറുവാഹനങ്ങള്‍ കടന്നുപോകാനുള്ള ചെറുപാതയും അടച്ചത്. നേരത്തെ ടോള്‍ പിരിക്കുന്ന കമ്പനിക്ക് വേണ്ടി പുതിയ ദേശീയപാതയുടെ സമാന്തരപാത നേരത്തെ ഇരുമ്പു റെയില്‍ കൊണ്ട് ഭാഗികമായി അടച്ചിരുന്നു. സര്‍ക്കാരിന്റെ നേരിട്ടുള്ള അനുവാദമില്ലാതെയായിരുന്നു ഇത്. അശാസ്ത്രീയമായി വച്ച ഈ ഇരുമ്പുകമ്പി കാരണം ഇവിടെ അപകടങ്ങള്‍ പതിവായിരുന്നു. ഈ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താന്‍ തൃശൂരിലെ ആം ആദ്മി പ്രവര്‍ത്തകര്‍ നിരന്തരം പ്രക്ഷോഭത്തിന ഇറങ്ങുകയും ചെയ്തു. പൊതുപ്രവര്‍ത്തകന്‍ ജോയ് കൈതാരം കോടതിയെ സമീപിച്ചത് അനുസരിച്ച് ഗതാഗത തടസം പൊളിച്ചുനീക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിടുകയും ചെയ്തു.എന്നാല്‍ ഉത്തരവ് വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും അധികാരികള്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് പൊതുജനം തന്നെ രംഗത്ത് വരികയും ഇത് പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. പിന്നീട് ഒട്ടുമിക്ക വാഹനങ്ങളും ഇതുവഴിയാണ് യാത്ര ചെയ്തത്. ഇത് ടോള്‍ കമ്പനിക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. തുടര്‍ന്ന് സ്ഥലത്തെ പൊലീസ് സന്നാഹം ഈ പാത വീണ്ടും അടച്ചുകെട്ടി. ജില്ലാ കളക്ടര്‍ തന്റെ ഉത്തരവ് തിരുത്തുകയും ഈ പാത പഴയതിനേക്കാള്‍ ചുരുക്കി കെട്ടിയടയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു എന്ന് പറഞ്ഞാണ് വീണ്ടും പാത കെട്ടിയടച്ചത്. ഇതിന് നേതൃത്വം നല്‍കിയത് സ്ഥലം എസ്‌ഐ, സിഐ, ഡിവൈഎസ്‌പി തുടങ്ങിയവരാണ്. പാത കെട്ടിയടയ്ക്കുന്നത് ചോദ്യം ചെയ്ത ആം ആദ്മി പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയ്തു.മുമ്പ് ഈ പാത വഴി ജീപ്പ്, കാര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നു പോകാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ടോള്‍ കമ്പനിക്ക് വേണ്ടി ഒരു ബൈക്കിന് മാത്രം പോകാവുന്ന രീതിയില്‍ കെട്ടിയടച്ചിരിക്കുകയാണ് അധികൃതര്‍.