പഞ്ചായത്തിലെ തര്‍ക്കങ്ങള്‍ കാരണം അവധിയില്‍ പ്രവേശിച്ച ശേഷം സ്വയം ജീവിതം അവസാനിപ്പിച്ച് പഞ്ചായത്ത് സെക്രട്ടറി ഷാജിയുടെ മരണത്തില്‍ നീതിവേണമെന്ന് മകളുടെ ഫേസ്ബുക് പോസ്റ്റ്. കഴിഞ്ഞ മാസമാണ് ഷാജിയെ പറപ്പൂര്‍ മുള്ളൂര്‍കായല്‍ പരിസരത്ത് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടന്നുവരുകയാണ്.
തന്റെ പിതാവിന്റെ മരണത്തിന് ആരാണ് കാരണക്കാരെന്ന ചോദ്യവുമായാണ് ഷാജിയുടെ മകള്‍ സ്വാതിയപടെ കുറിപ്പ്. ഒരു വനിതാ നേതാവ് അച്ഛനെ തല്ലുന്ന വീഡിയോയും സ്വാതി പുറത്ത് വിട്ടിട്ടുണ്ട്.
‘പിതാവിന് മരണത്തിന്റെ വാതില്‍ തുറന്നുകൊടുത്തതാര്’ എന്നാണ് സ്വാതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലെ ചോദ്യം. മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്തില്‍ വിശിഷ്ടസേവനത്തിന് ഷാജിക്ക് പുരസ്‌കാരം ലഭിച്ചപ്പോള്‍ പാവറട്ടിയില്‍നിന്ന് തൂക്കുകയറാണ് ലഭിച്ചതെന്ന് സ്വാതി പറയുന്നു. ഷാജിക്ക് ലഭിച്ച പുരസ്‌കാരത്തിന്റെ ചിത്രവും മറുഭാഗത്ത് തൂക്കുകയറിന്റെ ചിത്രവും ഉള്‍പ്പെടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.
പിതാവിന് മരണവാതില്‍ സമ്മാനിച്ചത് പഞ്ചായത്തിലെ ഉന്നത ഉദ്യോഗസ്ഥരോ പഞ്ചായത്ത് ജനപ്രതിനിധികളോ എന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട്. നീതി ആവശ്യപ്പെടുന്നെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ് സ്വാതി.



