പമ്പ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്തിരുന്ന പന്തളം രാജകുടുംബാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പമ്പ ഗണപതി കോവിലിന് സമീപം നാമജപ സമരം നടത്തിവന്ന പന്തളം രാജകുടുംബാംഗങ്ങളും തന്ത്രി കുടുംബത്തിലെ അംഗങ്ങളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അറസ്റ്റ് ചെയ്ത് നീക്കപ്പെട്ടിട്ടുണ്ട്.
പമ്പയില്‍ സമരം നടത്തിയ അയ്യപ്പ ധര്‍മസേനാ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്കാണ് അറസ്റ്റ് ചെയ്തവരെ മാറ്റിയിരിക്കുന്നത്. ഇതിനിടെ നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസ് സമരക്കാര്‍ തടഞ്ഞു. സമരക്കാര്‍ ദേശീയ മാധ്യമത്തിന്റെ കാര്‍ എറിഞ്ഞു തകര്‍ക്കുകയും മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു. നിലയ്ക്കലില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ പ്രതിഷേധ സമരം തുടരുകയാണ്.
നേരത്തെ സന്നിധാനത്തേക്കെത്തിയ യുവതിയെ പമ്പയില്‍ തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്ത സാഹചര്യത്തിലാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് പോലീസ് കടന്നത്. ആന്ധ്രയില്‍നിന്നുള്ള നാല്‍പത് വയസ്സുള്ള യുവതിയെയും കുടുംബത്തെയുമാണ് സമരക്കാര്‍ തടഞ്ഞത്.