പാനരിൽ നാലാംക്ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനായ ബിജെപി നേതാവ് അറസ്റ്റിൽ

കണ്ണൂർ: പാനൂരിൽ നാലാംക്ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജനെ അറസ്റ്റുചെയ്തു. പൊയിലൂരിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനായ പത്മരാജനെ കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസമായിട്ടും പിടികൂടാത്തതില്‍ വലിയ പ്രതിഷേധം ഉയർന്നിരുന്നു.വിദ്യാർത്ഥിനിയെ സ്‍കൂളിലെ ടോയ്ടലറ്റിൽ വച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു.സംഭവം പുറത്തറിഞ്ഞതോടെ പത്മരാജനെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

കഴിഞ്ഞ ജനവരി 15 നായിരുന്നു കേസിന് ആസ്പദായ സംഭവം. സ്കൂളിലെ ശുചിമുറിയിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി പത്മരാജൻ വിദ്യാർത്ഥിനിയെ പലതവണയായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. കുട്ടിയുടെ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയിരുന്നത്രേ. പീഡനത്തെ കടുത്ത മാനസിക ബുദ്ധിമുട്ടുകൾ നേരിട്ട വിദ്യാർത്ഥിനി സ്കൂളിൽ പോകാൻ മടി കാണിച്ചതോടെയാണ് ബന്ധുക്കൾ കുട്ടിയോട് കാര്യം തിരക്കിയത്. തുടർന്ന് കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് ആന്തരികമായി പറ്റിയതായി സ്ഥിരീകരിച്ചിരുന്നു. ഇതോടെ തലശ്ശേരി ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആദ്യം പരാതി നല്‍കി. തുടര്‍ന്ന് പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. അതേസമയം കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്ന നടപടിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. അറസ്റ്റ് നീണ്ടതോടെ ഇന്ന് തലശ്ശേരി ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ രൂപീകരിച്ചിരുന്നു. പാനൂര്‍ ഇന്‍സ്പെക്ടര്‍ ഫായിസ് അലിയുടെ കീഴില്‍ പതിനൊന്നു പേര്‍ അടങ്ങുന്ന സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.

പത്മരാജനെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധവുമായി പാനൂർ എസ്‌.പി ഓഫീസിലേക്ക് മാർച്ച് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലോക്ക് ഡൗൺ ലംഘിച്ചതടക്കമുള്ള കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്മരാജനെ കണ്ടെത്താനായി നാല് ബന്ധുവീടുകളിൽ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു..
കേസിൽ ഇരയായ പെൺകുട്ടിയുടെ സഹപാഠിയുടെ മൊഴി കൂടി തെളിവായി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു. അദ്ധ്യാപകൻ പെൺകുട്ടിയെ പീഡിപ്പിക്കുന്നത് അറിയാമായിരുന്നുവെന്ന് സഹപാഠി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മറ്റു കുട്ടികളോടും പദ്മരാജൻ മോശമായി പെരുമാറിയിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞിരുന്നു.

പത്മരാജനെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ രൂക്ഷവിമർ‍ശനവുമായി മന്ത്രി കെ കെ ശൈലജ രംഗത്ത് വന്നിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുകയാണെന്ന് ഡി.ജി.പിയെ വിളിച്ച് അറിയിച്ചതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് തലശ്ശേരി ഡിവൈ.എസ്‍.പി ഉരുണ്ട് കളിക്കുകയാണ്. സ്കൂളിൽ വച്ച് കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പൊലീസിനെതിരെ കർശന നടപടി എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

 

Top