കാലിഫോര്‍ണിയ: ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്ന മോയ്ചറൈസറുകളിലും മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കളിലുമുള്ള രാസഘടകം അര്‍ബുദത്തിനിടയാക്കുമെന്ന് പഠനം. ഇവയില്‍ അണുനാശിനിയായി ഉപയോഗിക്കുന്ന പാരാബീനാണ് അപകടകാരി. 85ശതമാനം വ്യക്തിഗത ഉത്പന്നങ്ങളിലും പാരബീന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചെറിയ അളവിലുള്ള ഉപയോഗംപോലും അര്‍ബുദത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന് സമാനമായ രാസഘടനയുള്ള പാരാബീന് ശരീരത്തില്‍ ഹോര്‍മോണായി പ്രവര്‍ത്തിക്കാന്‍ കഴിയും. അര്‍ബുദത്തിന് കാരണമായ കോശവളര്‍ച്ചയ്ക്ക് ഇത് ആക്കംകൂട്ടുമെന്നാണ് പഠനം പറയുന്നത്. യു.എസില്‍ പാരബീന്‍ ഇല്ലാത്ത ഉത്പന്നങ്ങളാണ് വിപണിയിലുള്ളത്. ലേബലില്‍ ഇത് രേഖപ്പെടുത്തണമെന്ന കര്‍ശന നിര്‍ദേശവും അവിടെയുണ്ട്. സിറപ്പ്, ജാം, ശീതളപാനീയം, ജെല്ലി തുടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളിലും സോപ്പ്, ഷാമ്പു, ബോഡി ലോഷന്‍, ക്ലീനര്‍, ഫൗണ്ടേഷന്‍, ലിപ്സ്റ്റിക്, മസ്‌കാര, സണ്‍സ്‌ക്രീന്‍ ലോഷന്‍ തുടങ്ങിയവയിലും ഹെയര്‍ സ്‌റ്റൈല്‍ ഉത്പന്നങ്ങളിലുമാണ് പാരബീന്‍ കൂടുതലായി കണ്ടുവരുന്നത്. കാലിഫോര്‍ണിയയില്‍ 183 പേരില്‍ നടത്തിയ പഠനത്തില്‍ 70 ശതമാനം പേരുടെയും മൂത്രത്തില്‍ പാരാബീനിന്റെ സാന്നിധ്യം കണ്ടെത്തി. കുട്ടികളേക്കാള്‍ മുതിര്‍ന്നവരിലും പുരുഷന്മാരേക്കാള്‍ സ്ത്രീകളിലുമാണ് പാരാബീനുകളുടെ അളവ് കൂടുതല്‍. സൈലന്റ് സ്പ്രിങ് ഇന്‍സ്റ്റിറ്റിയൂട്ടിലേയും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.