മകള്‍ക്ക് നീതി ലഭിച്ചു; സര്‍ക്കാര്‍, പൊലീസ്, കേരളത്തിലെ ജനങ്ങള്‍ എല്ലാവരും ഒപ്പം നിന്നു, നന്ദി; ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍

കൊച്ചി: മകള്‍ക്ക് നീതി ലഭിച്ചുവെന്ന് ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍. സര്‍ക്കാര്‍, പൊലീസ്, കേരളത്തിലെ ജനങ്ങള്‍ എല്ലാവരും ഒപ്പം നിന്നുവെന്നും എല്ലാവര്‍ക്കും നന്ദിയെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാഖ് ആലത്തിന് പ്രത്യേക പോക്‌സോ കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് കുട്ടിയുടെ കുടുംബത്തിന്റെ പ്രതികരണം.

ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളില്‍ ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഹൈക്കോടതി അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും വധശിക്ഷ നടപ്പിലാക്കുക. നേരത്തെ അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന് 100-ാം ദിവസമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. പോക്സോ നിയമം നിലവില്‍ വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ശിശുദിനത്തില്‍ പുറപ്പെടുവിച്ച ശിക്ഷാവിധി കേള്‍ക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top