മനുഷ്യമനസാക്ഷിയെ മുറിപ്പെടുത്തും; ഒരു വയസുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്

43621_1461730528

വടക്കഞ്ചേരി: കുഞ്ഞുങ്ങളോട് മാതാപിതാക്കള്‍ കാണിക്കുന്ന ക്രൂരത സര്‍വ്വ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. പണത്തിനുവേണ്ടി സ്വന്തം കുട്ടികളെ പോലും വില്‍ക്കുന്ന കാലമാണല്ലോ ഇത്. പാലക്കാട് വടക്കഞ്ചേരിയിലും സമാനമായ സംഭവം നടന്നു. ഒരു വയസുള്ള കുഞ്ഞിനെ അമ്മയും അച്ഛനും ചേര്‍ന്ന് വിറ്റത് ഒരുലക്ഷം രൂപയ്ക്കാണ്.

മനുഷ്യമനസാക്ഷിയെ മുറിപ്പെടുത്തുന്ന സംഭവത്തില്‍ മകനെ വിറ്റ ദമ്പതികള്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റിലായി. കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നു പൊലീസില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കുട്ടിയെ വിറ്റ വിവരം പുറത്തറിയുന്നത്.

അണക്കപ്പാറയില്‍ മുഹമ്മദ്കുട്ടി (56), ഭാര്യ റംലത്ത് (36) എന്നിവരെയും കുട്ടിയെ വാങ്ങിച്ച തമിഴ്നാട് സായ്‌നഗര്‍ ജോണ്‍ സുന്ദര്‍ (47), ഇടനിലക്കാരനായ കിഴക്കഞ്ചേരി ഇളങ്കാവ് ജ്യോതി (37) എന്നിവരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദമ്പതികള്‍ ജ്യോതി മുഖേനയാണ് ജോണ്‍ സുന്ദര്‍ എന്നയാള്‍ക്ക് കുട്ടിയെ വിറ്റത്. അമ്മയ്ക്ക് അസുഖമായതിനാല്‍ കുട്ടിയെ നോക്കാന്‍ കഴിയാത്തതിനാലാണ് ഒരുലക്ഷം രൂപയ്ക്കു കുട്ടിയെ വിറ്റതെന്നു രക്ഷിതാക്കള്‍ പറയുന്നു. ഇടനിലക്കാരായി പ്രവര്‍ത്തിച്ച വള്ളിയോട് ലക്ഷ്മണന്‍, കോയമ്പത്തൂര്‍ സ്വദേശി രാമന്‍കുട്ടി എന്നിവരെക്കൂടി പിടികൂടാനുണ്ട്.

Top