പാരിസ് ആക്രമണത്തിലെ ഐഎസ് ഭീകരന്‍ ലണ്ടനും ബെര്‍മിങ്ഹാമും സന്ദര്‍ശിച്ചു

ലണ്ടന്‍ : പാരിസ് ആക്രമണത്തിന് നേതൃത്വം നല്‍കിയ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരില്‍ ഒരാള്‍ ഈ വര്‍ഷം ആദ്യം ലണ്ടനും ബെര്‍മിങ്ഹാമും സന്ദര്‍ശിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍. തീവ്രവാദവുമായി ബന്ധപ്പെട്ട് യുകെ സുരക്ഷ ശക്തമാക്കുന്നതിന് മുന്‍പായിരുന്നു ഇയാള്‍ ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയത് എന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീവ്രനിലപാടുള്ള വ്യക്തികളുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തിയതായും തീവ്രവാദ വിരുദ്ധ സംഘം കണ്ടെത്തി.

മാസങ്ങള്‍ക്ക് ശേഷം ഇയാള്‍ കൂടി ഉള്‍പ്പെട്ട പാരിസ് ഭീകരാക്രമണത്തില്‍ 130 പേരാണ് കൊല്ലപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഫ്രാന്‍സ് നേരിട്ട ഏറ്റവും വലിയ രാജ്യസുരക്ഷാ പ്രശ്നമായിരുന്നു ഇത്. എങ്ങിനെയാണ് ഇയാള്‍ യുകെയില്‍ എത്തിയത് എന്ന കാര്യം വ്യക്തമല്ല. തീവ്രനിലപാടുള്ള വ്യക്തികള്‍ ബ്രിട്ടീഷ് പൊലീസിന്റെയും തീവ്രവാദ വിരുദ്ധ സംഘത്തിന്റെയും നിരീക്ഷണത്തില്‍ ആയിരുന്നിട്ടും എങ്ങനെയാണ് ഐഎസ് ഭീകരന്‍ ഇവരെ കണ്ടതെന്നും വ്യക്തമല്ല. പാരിസ് ആക്രമണത്തിന് 11 ഭീകരരാണ് നേതൃത്വം നല്‍കിയത്. ഇതില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. രണ്ടു പേരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പാരിസ് ആക്രമണത്തിന് ശേഷം യുകെ ആകും ഐഎസിന്റെ ലക്ഷ്യമെന്ന് സുരക്ഷാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സന്ദര്‍ശനം നടത്തിയ ഭീകരന്റെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല

Top