ബ്രസല്‍സ്: പാരിസ് ഭീകരാക്രമണത്തിലെ മുഖ്യ പ്രതിയായ തീവ്രവാദി മുഹമ്മദ് അബ്രിനി പിടിയില്‍. മുഹമ്മദ് അബ്രിനി അടക്കം ഐഎസിലെ അഞ്ച് പേര്‍ പിടിയിലായതായാണ് റിപ്പോര്‍ട്ട്. ബ്രസല്‍സില്‍ നിന്നാണ് ഇയാളെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 22ന് ബ്രസല്‍സിലുണ്ടായ ഭീകരാക്രമണത്തില്‍ അബ്രിനി നേരിട്ട് പങ്കെടുത്തതായും സൂചനയുണ്ട്.
ബ്രസല്‍സ് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അബ്രീനിയെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളില്‍ തൊപ്പി ധരിച്ച വ്യക്തിയെന്ന് സംശയിക്കുന്നത് ഇയാളാണെന്നാണ് അധികൃതര്‍ പറയുന്നത്.
31 കാരനായ അബ്രിനി ബ്രസല്‍സ് സ്വദേശിയാണ്. അബ്രിനിയോടൊപ്പം പിടിയിലായ ഉസാമ കെ എന്നയാള്‍ക്കും ബ്രസല്‍സ് ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. 2015 നവംബറില്‍ പാരിസിലുണ്ടായ ആക്രമണത്തില്‍ 130 പേരുടെ ജീവനാണ് നഷ്ടമായത്. ബ്രസല്‍സിലുണ്ടായ ഇരട്ട ആക്രമണങ്ങളില്‍ 32 പേരും കൊല്ലപ്പെട്ടിരുന്നു.