ഹരിപ്പാട് മെഡിക്കല്‍ കോളേജ്; സര്‍ക്കാര്‍ ചെലവില്‍ ആശുപത്രി പണിത് സ്വകാര്യവ്യക്തികള്‍ക്ക് മെഡിക്കല്‍ സീറ്റ് കച്ചവടം ചെയ്യാന്‍ പദ്ധതിയിട്ടു

Haripad_MCH1_

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ തട്ടിപ്പ് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ഹരിപ്പാട് മെഡിക്കല്‍ കോളേജ് പദ്ധതിയ്ക്ക് പിന്നില്‍ തട്ടിപ്പായിരുന്നുവെന്നാണ് പറയുന്നത്. സര്‍ക്കാര്‍ ചെലവില്‍ ആശുപത്രി പണിത് സ്വകാര്യവ്യക്തികള്‍ക്ക് മെഡിക്കല്‍ സീറ്റ് കച്ചവടം ചെയ്യാനായിരുന്നു പദ്ധതി.

എല്ലാ ജില്ലകളിലും പുതിയ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ പുതിയ മെഡിക്കല്‍ കോളേജിനു പദ്ധതിയിട്ടത്. ആലപ്പുഴ ജില്ലയിലെ വണ്ടാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് 12 കിലോമീറ്റര്‍ മാത്രം അകലത്തിലായിരുന്നു നിര്‍ദ്ദിഷ്ട ഹരിപ്പാട് മെഡിക്കല്‍ കോളേജ് പണിയാന്‍ പദ്ധതിയിട്ടിരുന്നത്. മുന്‍ ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ മണ്ഡലമാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെഡിക്കല്‍ കോളേജ് പണിയാനുള്ള തീരുമാനത്തെ പരസ്യമായി ന്യായീകരിച്ച് ചെന്നിത്തല ഇന്നലെ രംഗത്തുവന്നിരുന്നു. ഈ മെഡിക്കല്‍ കോളേജ് പണിയാനെടുത്ത തീരുമാനത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ്, ഇപ്പോഴത്തെ സര്‍ക്കാര്‍. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം ലക്ചററായ ജിനേഷ് പി എസ് ആണ് ഫേസ്ബുക്കിലൂടെ ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്. സാധാരണഗതിയില്‍ മെഡിക്കല്‍ കോളജുകള്‍ നടത്തുന്നവര്‍ തന്നെ സ്വന്തമായി ആശുപത്രിയും സ്ഥാപിക്കണം. എന്നാല്‍ ഇവിടെ കഥ വ്യത്യസ്തമാണ്.

സര്‍ക്കാര്‍ പണം മുടക്കി ഏറ്റെടുത്തു നല്‍കുന്ന സ്ഥലത്ത് കെട്ടിടം പണിയാനായി കേരള മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കമ്പനി ലിമിറ്റഡ് എന്ന പേരില്‍ ഇന്‍ഫ്രാ കമ്പനി രൂപീകരിക്കും. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഈ കമ്പനിക്കാണ്. കമ്പനിയുടെ 26% ഓഹരികള്‍ മാത്രം സര്‍ക്കാരിന്റേതാകും. നാല്പതുകോടി രൂപയുടെ അംഗീകൃത ഓഹരി മൂലധനവും അഞ്ചുലക്ഷം രൂപയുടെ പെയ്ഡ് അപ് ക്യാപിറ്റലും സഹിതം നിലവില്‍ വരുന്ന ഈ കമ്പനി മെഡിക്കല്‍ കോളേജും നൂറു കിടക്കകളുള്ള പേവാര്‍ഡും ലബോറട്ടറിയും പണിയും. മെഡിക്കല്‍ കോളേജിനോടു ചേര്‍ന്നുള്ള പേവാര്‍ഡും ലബോറട്ടറിയും സ്വാശ്രയ ലാഭകേന്ദ്രം എന്ന നിലയില്‍ കമ്പനി നേരിട്ടാവും നടത്തുക.

ഇവിടെ മെഡിക്കല്‍ കോളേജ് നടത്തുന്നതിനായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന പേരില്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റ് പ്രകാരമുള്ള സൊസൈറ്റി രൂപീകരിക്കും. ഇന്‍ഫ്രേംഡ് എന്ന കമ്പനി കൈമെഡ് എന്ന സൊസൈറ്റിക്ക് സ്ഥലവും അനുബന്ധസൗകര്യങ്ങളും കൂടി മെഡിക്കല്‍ കോളേജ് നടത്തുന്നതിനായി 99 വര്‍ഷത്തെ കുത്തകപ്പാട്ടത്തിന് വിട്ടുകൊടുക്കും. ഇവര്‍ ആശുപത്രി നടത്തില്ല.

ആശുപത്രി നടത്തിപ്പിന്റെ ബാധ്യത സര്‍ക്കാരിനാണ്. നബാര്‍ഡില്‍ നിന്നു വായ്പയെടുത്ത് സര്‍ക്കാര്‍ നേരിട്ടുവേണം ആശുപത്രി സ്ഥാപിക്കുവാന്‍. വായ്പ തിരിച്ചടയ്‌ക്കേണ്ടതും സര്‍ക്കാരിന്റെ ബാധ്യതയാണ്. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലിനിക്കല്‍ പ്രാക്റ്റീസ് നടത്തുന്നതിനുള്ള സൗകര്യം ഇവിടെയാകും ഒരുക്കുക. മെഡിക്കല്‍ കോളേജിന്റെ നടത്തിപ്പ് കൈമെഡിനു മാത്രമാവും ഉണ്ടാവുക. അവര്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിലൂടെയും ഫീസിലൂടെയും ഗവേഷണങ്ങളിലൂടെയും കണ്ടെത്തുന്ന പണത്തില്‍ നിന്നു ചെലവു കഴിച്ചുള്ള തുകയില്‍ നിന്ന് ഇന്‍ഫ്രേംഡിനു ഡിവിഡന്റും യൂസര്‍ ഫീയും നല്‍കും. വിദ്യാര്‍ത്ഥി പ്രവേശനത്തിന് കൈമെഡ് പണം വാങ്ങുമെന്ന കാര്യം ഇതുസംബന്ധിച്ച രേഖകളില്‍ വളരെ വ്യക്തമായി എഴുതിയിരിക്കുന്നു. തലവരിപ്പണത്തിനെതിരെ നിയമം ഉള്ളപ്പോഴാണിത്.

സ്വകാര്യ വ്യക്തികള്‍ ചേര്‍ന്നു രൂപീകരിച്ച ട്രസ്റ്റിന് സര്‍ക്കാര്‍ പണം ഉപയോഗിച്ചു വാങ്ങിയ സ്ഥലം വിട്ടുകൊടുത്ത് സ്വകാര്യ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുവാനുള്ള പദ്ധതിയായിരുന്നു, പരിയാരത്തേത്. ഇതിനെതിരെ സംസ്ഥാനത്ത് ഉയര്‍ന്നുവന്ന വിദ്യാര്‍ത്ഥിസമരം ഒടുവില്‍ കൂത്തുപറമ്പു വെടിവെപ്പിലാണ് കലാശിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനും സഹകരണമന്ത്രിയായിരുന്ന എം വി രാഘവനും വ്യക്തികളെന്ന നിലയില്‍ ഡയറക്റ്റര്‍ ബോര്‍ഡില്‍ എത്തുന്ന സ്വകാര്യ ട്രസ്റ്റിനായിരുന്നു പരിയാരം കോളേജിന്റെ ഉടമസ്ഥാവകാശം. തുടര്‍ന്നുവന്ന ഇ കെ നായനാര്‍ സര്‍ക്കാര്‍ കോളേജ് ഏറ്റെടുത്ത് സഹകരണസംഘത്തിനെ ഭരണച്ചുമതല ഏല്‍പ്പിക്കുകയായിരുന്നു. അതിനേക്കാള്‍ സങ്കീര്‍ണമാണ് ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെയും ആശുപത്രിയുടെയും നില. കൈ നനയാതെ മീന്‍ പിടിക്കാന്‍ കുറേ ബിസിനസുകാര്‍ക്ക് വഴിവിട്ടു സഹായം ചെയ്യാനുള്ള നീക്കമാണ്, ഈ പദ്ധതിയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതിലൂടെ പിണറായി വിജയന്‍ മന്ത്രിസഭ പൊളിച്ചത്.

Top