ന്യുഡല്‍ഹി :പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം പത്തായി. പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ പുലര്‍ച്ച ഉണ്ടായ ആക്രമണങ്ങള്‍ക്കു ശേഷം ഭീകര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരുന്നുണ്ട്.
പത്താന്‍കോട് ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ വെച്ചെന്ന് അന്വേഷണ സംഘം. കേസ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു. ഐ.ജി അലോക് മിത്തലിനാണ് അന്വേഷണ ചുമതല.
പാക് ചാര സംഘടനയായ ഐ.എസ്.ഐയും ജെയ്‌ഷെ മുഹമ്മദുമായി ചേര്‍ന്നാണ് ആക്രമണത്തിനു പദ്ധതിയിട്ടത്. ഇവര്‍ക്ക് അതിര്‍ത്തി കടക്കാന്‍ പാക് സൈന്യത്തിന്റെ സഹായിച്ചിരിക്കാമെന്നും സുരക്ഷാ സൈന്യം സംശയിക്കുന്നു.അതിനിടെ പത്താന്‍കോട് വ്യോമസേനാ കേന്ദ്രത്തിലേക്ക് ഭീകരാക്രമണം നടത്തിയ ഭീകരരില്‍ അഞ്ചാമത്തെയാളേയും സൈന്യം വധിച്ചു. ഏഴോളം പേരുണ്ടായിരുന്ന സംഘത്തിലെ രണ്ട് ചാവേറുകള്‍ ഇപ്പോഴും എയര്‍ഫോഴ്‌സ് ബേസിനുള്ളില്‍ ഒളിച്ചിരിക്കുന്നതായാണ് സൂചന.
എയര്‍ബേസിനുള്ളില്‍ ഭീകരര്‍ പ്രവേശിക്കുന്നത് വ്യോമനിരീക്ഷണത്തിലൂടെ കാണാന്‍ സാധിച്ചതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. അതീവ സാങ്കേതിക ഉപകരണങ്ങളും വിമാനങ്ങളും സൂക്ഷിച്ചിരിക്കുന്ന മേഖലയിലേക്ക് ഭീകരര്‍ കടക്കുന്നത് വ്യോമ നിരീക്ഷണം സഹായകമായെന്ന് പ്രതിരോധമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഏജന്‍സികളുടേയും സൈന്യത്തിന്റേയും കൃത്യമായ ഇടപെടല്‍ വ്യോമസേനയിലെ മൂല്യമുള്ള വസ്തുക്കള്‍ നശിപ്പിക്കണമെന്ന ഭീകരരുടെ ലക്ഷ്യം പരാജയപ്പെടുത്തിയതായും പ്രതിരോധമന്ത്രാലയം അറിയിച്ചു.ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടുകൂടിയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ എയര്‍ഫോഴ്‌സ് കമാന്റ് ഉള്‍പ്പെടെ പത്ത് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. പുതുവര്‍ഷ ദിനത്തില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അതീവ സുരക്ഷാ മേഖലയിലുണ്ടായ ഭീകരാക്രമണം സുരക്ഷാ വീഴ്ചയായി വിലയിരുത്തുന്നു. സൈനികരുടെ വേഷത്തില്‍ സൈനിക വാഹനത്തിലാകാം ഇവര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.