കോട്ടയം: പി.സി.ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി വൈക്കം ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി. ജോര്‍ജിനെതിരെ കന്യാസ്ത്രീ മൊഴി നല്‍കിയാല്‍ കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ലൈംഗീക പീഡനക്കേസില്‍ ജലന്തര്‍ ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കുന്നുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ന്യൂനപക്ഷ കമ്മിഷന്‍ പൊലീസിനെതിരെ കേസെടുത്തു. ഡിജിപിയും ഐജിയും ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നു സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ദേശിച്ചു. കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും. ഐജിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേരുന്ന യോഗത്തിലായിരിക്കും നിര്‍ണായക തീരുമാനം കൈക്കൊള്ളുക.
അന്വേഷണം അവസാനഘട്ടത്തിലെത്തിയെന്ന് വ്യക്തമാക്കിയ ജില്ലാ പൊലീസ് മേധാവി കേസിലെ തൊണ്ണൂറ് ശതമാനം വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചുവെന്നും സ്ഥിരീകരിച്ചു. അന്വേഷണ സംഘത്തെ വിപുലീകരിച്ച ശേഷമുള്ള ആദ്യയോഗമാണ് കോട്ടയത്ത് നടന്നത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ വൈക്കം ഡിവൈഎസ്പി ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൊഴിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ആശയകുഴപ്പങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെ പരിഹരിച്ചു. നേരിയ സംശയങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നത് ബുധനാഴ്ച ചേരുന്ന യോഗത്തിന് മുന്‍പ് ഇക്കാര്യങ്ങളിലും വ്യക്തത വരുത്തും.