കൊച്ചി: ബിജെപിക്കെതിരെ ആക്ഷേപം ഉന്നയിച്ച് പിസി ജോര്‍ജ്. ശബരിമല വിഷയത്തില്‍ ബിജെപി നിലപാടിനൊപ്പം നില്‍ക്കുകയും നിയമസഭയില്‍ ബിജെപി എംഎല്‍എ രാജഗോപാലിനൊപ്പം പ്രതയേക ബ്ലോക്കായി ഇരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത പിസി ജോര്‍ജിന്റെ മലക്കം മറിച്ചില്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ബി.ജെ.പിക്ക് മതേതര നിലപാടില്ലെന്നാണ് ജനപക്ഷ മുന്നണി നേതാവ് പി.സി ജോര്‍ജിന്റെ വിമര്‍ശനം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമില്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.
നേരത്തെ ബി.ജെ.പിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന നിയമസഭാ സമ്മേളനത്തില്‍ ബി.ജെ.പി പ്രതിനിധിയായ ഒ. രാജഗോപാലും പി.സി ജോര്‍ജും കറുത്ത വസ്ത്രമണിഞ്ഞ് വന്നത് ഈ ധാരണ ശരിവെക്കുന്നതായിരുന്നു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലം ജോര്‍ജ് ലക്ഷ്യമിടുന്നുണ്ട്. പത്തനംതിട്ടയിലോ കോട്ടയത്തോ മത്സരിക്കാനായിരുന്നു നോട്ടം. ഇക്കാര്യം ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അതിനുശേഷം ഡല്‍ഹിയില്‍ പോയി സോണിയ ഗാന്ധിയെ കാണാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.