
കൊച്ചി: ഇരയായ കന്യാസ്ത്രീക്കെതിരെ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് നടത്തിയ അശ്ലീല പരാമര്‍ശത്തിനെതിരെ പരാതി നല്‍കാനൊരുങ്ങി കന്യാസ്ത്രീയുടെ കുടുംബം. നിയമസഭാ സ്പീക്കര്‍ക്കും പോലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കുമെന്നാണ് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ പറയുന്നത്. ഇതിനുപിന്നാലെ, ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനം പിൻവലിച്ചതായി കന്യാസ്ത്രീ അറിയിച്ചു. ജോർജിന്റെ പരാമർശത്തിൽ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായും അദ്ദേഹത്തിനെതിരെ പരാതി നൽകുമെന്നും കന്യാസ്ത്രീയുമായി അടുപ്പമുള്ളവർ പറഞ്ഞു.
ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരായിട്ട് 13–ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നും ആയിരുന്നു പി.സി.ജോര്‍ജ് പറഞ്ഞത്. ഇതിനിടെ, പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജംങ്ഷനിൽ നിരാഹാര സമരം നടത്തിയിരുന്നു . പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും സമരത്തിൽ പങ്കെടുത്തു .
പിസി ജോര്‍ജിന്റെ പരാമര്‍ശം വേദനിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.ഇതോടെ അടുത്ത ദിവസം മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തില്‍ നിന്ന് കന്യാസ്ത്രീ പിന്‍മാറി. നീതി ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് കന്യാസ്ത്രീ മുന്നോട്ട് പോകുന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. അതേസമയം സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് പിസി ജോര്‍ജില്‍ നിന്ന് ഉണ്ടായതെന്നാണ് വിലയിരുത്തല്‍. പരാതി നല്‍കിയാല്‍ കേസെടുക്കാനുള്ള സാഹചര്യം ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇരയെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം പാടില്ലെന്ന് നിയമത്തില്‍ പറയുന്നുണ്ട്. അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ഹൈക്കോടതി ജങ്ഷനിലുള്ള പ്രതിഷേധ ധര്‍ണ തുടരുകയാണ്. ഇവര്‍ നിരാഹാര സമരമാണ് നടത്തുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.
അതേസമയം പരാതിക്കാരിയായ കന്യാസ്ത്രീയെയും അവരെ പിന്തുണയ്ക്കുന്നവരെയും നിന്ദ്യവും നികൃഷ്ടവുമായ ഭാഷയിൽ ആക്ഷേപിച്ച പി.സി ജോർജ്ജിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ് എന്ന് വി എം സുധീരൻ പറഞ്ഞു .