12 തവണ പീഡിപ്പിച്ചിട്ടും പരാതി ഇല്ലായിരുന്നു!!! കന്യാസ്ത്രീയെ അധിക്ഷേപിച്ച് പിസി ജോര്‍ജ്; സമരം ചെയ്തവര്‍ക്കെതിരെയും തെറിവിളി

കോട്ടയം: പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകിക്കുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എറണാകുളത്ത് നടന്ന പ്രതിഷേധ പരിപാടിയില്‍ ക്‌ന്യാസ്ത്രീകളും പങ്കെടുത്തിരുന്നു. എന്നാല്‍ പ്രതിഷേധിക്കനെത്തിയ കന്യാസ്ത്രീകളെ അധിക്ഷേപിച്ച് പി.സി. ജോര്‍ജ് എം.എല്‍എ രംഗത്തെത്തി. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായി പരാതി നല്‍കിയതിനെതിരെയും പിസി ജോര്‍ജ് ആക്ഷേപമുന്നയിച്ചു.

12 തവണ പീഡിപ്പിക്കപ്പെട്ടിട്ടും അവര്‍ക്ക് പരാതിയില്ലായിരുന്നുവോ എന്നും എന്നിട്ട് 13ാം തവണ പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്ത് വരുന്നത് അത്ഭുതമാണെന്നും പിസി ജോര്‍ജ് പറയുന്നു. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നടത്തിയ ഉപവാസ സമരത്തില്‍ കുറവലിങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും പങ്കെടുത്ത അതേ സമയത്താണ് കന്യാസ്ത്രിയെ അധിക്ഷേപിച്ച് പിസി ജോര്‍ജ് രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നും പി.സി ജോര്‍ജ് ചോദിച്ചു.പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയ്ക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ല. പീഡനം നടന്നദിവസം തന്നെ അവര്‍ കന്യകയല്ലാതായിയെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീയുടെ പരാതിയില്‍ നടപടിവേണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളേയും പി.സി ജോര്‍ജ് അധിക്ഷേപിച്ചു. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് അറിയാമെന്നായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം. കേരളാ പൊലീസിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത്. പുരുഷന്മാരെ കുടുക്കാന്‍ സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു. ബിഷപ്പ് തെറ്റ് ചെയ്തിട്ടില്ലെന്ന അഭിപ്രായമില്ല. പക്ഷേ ബിഷപ്പിനേയും കന്യാസ്ത്രീയേയും തൂക്കി നോക്കിയാല്‍ ബിഷപ്പിന്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും. കന്യാസ്ത്രീയെ പീഡിപ്പിച്ചെങ്കിലും ബിഷപ്പും ളോഹ ഊരണമെന്ന് ജോര്‍ജ് പറഞ്ഞു.

പന്ത്രണ്ട് പ്രാവശ്യം അവര്‍ക്ക് ഒരു ദുഃഖവുമില്ല, പതിമൂന്നാമത്തെ പ്രാവശ്യം അതെങ്ങനെയാണ് ബലാല്‍സംഗമാകുന്നതെന്നും പിസി ജോര്‍ജ് ചോദിച്ചു. കന്യാസ്ത്രി എന്നു പറഞ്ഞാല്‍ കന്യകാത്വം നഷ്ടപ്പെടാത്ത സ്ത്രീയാണ്. കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ കന്യാസ്ത്രിയല്ലെന്നും പി സി ജോര്‍ജ് അവഹേളിക്കുന്നു. ഇന്ന് കൊച്ചിയില്‍ നടന്ന ഉപവാസ സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകളെയും പി സി ജോര്‍ജ് അപമാനിച്ചു. കന്യാസ്ത്രീക്ക് വേണ്ടി സമരം ചെയ്യാനിറങ്ങിയ കന്യാസ്ത്രീകളെ സംശയിക്കണമെന്ന് പിസി ജോര്‍ജ് പറഞ്ഞു. അതേസമയം, ബിഷപ്പിനെതിരെ കന്യാസ്ത്രികള്‍ രംഗത്തിറങ്ങിയ അന്നു തന്നെ ബിഷപ്പിന് അനുകൂലമായ രീതിയില്‍ നിലപാട് എടുത്തിരിക്കുകയാണ് പിസി ജോര്‍ജ്. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിലും നടിക്കെതിരെ ആയിരുന്നു പിസി ജോര്‍ജ് നിലപാട് എടുത്തത്.

Top