ജലന്ധര്‍: സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ബിഷപ്പ് ഹൗസില്‍ നിന്നും ബിഷപ്പ് ഫ്രാങോക മുളയ്ക്കല്‍ താമസം മാറി.ഫ്രാങ്കോ തന്നെ സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ) വൈദികരുടെ സെമിനാരിയിലേക്ക് താമസം മാറ്റി. എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള പൂര്‍ണ്ണമായും ശീതികരിച്ച പ്രതാപ്ഗള്ളിലുള്ള ഈ സെമിനാരിയിലാണ് ഫ്രാങ്കോ ഇപ്പോള്‍ താമസിക്കുന്നത്.
ബിഷപ്പ് ഫ്രാങ്കോയ്ക്ക് പിന്തുണയുമായി പി.സി ജോര്‍ജ് എം.എല്‍.എ ജലന്ധറില്‍ എത്തി. ഞായറാഴ്ച വൈകിട്ട് സെന്റ് ജോസഫ്സ് ബോയ്സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേരള കാത്തലിക് കമ്മ്യൂണിറ്റി (കെ.സി.സി)യുടെ ക്രിസ്മസ് ആഘോഷത്തിലും ജോര്‍ജ് ഭാര്യ ഉഷയ്ക്കൊപ്പം പങ്കെടുത്തു.
നവംബര്‍ നാലിന് നടന്ന കത്തീഡ്രല്‍ ഫെസ്റ്റിലേക്ക് ജോര്‍ജിനെ ക്ഷണിച്ചിരുന്നുവെങ്കിലും വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നീക്കിയിരുന്നു. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെയും അവരുടെ കുടുംബത്തേയും അധിക്ഷേപിച്ച് സംസാരിച്ചതാണ് ജോര്‍ജിനെതിരെ വിശ്വാസികള്‍ രംഗത്തെത്താന്‍ കാരണം. കത്തീഡ്രല്‍ ഫെസ്റ്റിന് ജോര്‍ജിനെ ക്ഷണിച്ചതിനെതിരെ വിശ്വാസികള്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കും പരാതി നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ രഹസ്യമായാണ് ജോര്‍ജ് ഇന്നലെ വേദിയില്‍ എത്തിയത്. ജോര്‍ജിനെ തിരിച്ചറിയാന്‍ പോലും സദസ്സിലുണ്ടായിരുന്ന ഭൂരിഭാഗത്തിനും കഴിഞ്ഞില്ല. എതിര്‍പ്പ് മുന്നില്‍കണ്ട് പോലീസിന്റെ വലിയ സുരക്ഷയും ജോര്‍ജിന് ഏര്‍പ്പെടുത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തനും ജലന്ധറിലെ ഒരു പഞ്ചാബിയുടെ ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റുമായ മലയാളി യുവാവാണ് ജോര്‍ജിനെ പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്ന് അവിടെ നിന്നുള്ളവര്‍ പറയുന്നു.
ബിഷപ്പ് ഫ്രാങ്കോയെ രൂപതയുടെ ഭരണപരമായ ചുമതലകളില്‍ നിന്ന് നീക്കി അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയതോടെ ബിഷപ്പ് ഹൗസില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളും കന്യാസ്ത്രീകളും ബിഷപ്പ് ഹൗസില്‍ കയറിയിറങ്ങുന്നത് അഡ്മിനിസ്ട്രേറ്റര്‍ വിലക്കി. ഫ്രാങ്കോയുടെ അധികാരവും നഷ്ടമായതോടെ അടുപ്പക്കാരായ വൈദികരും മറ്റും അവിടേക്ക് വരുന്നതും ചുരുക്കി. ഇതോടെ തികച്ചും ഒറ്റപ്പെട്ടുപോയ ഫ്രാങ്കോ കൂടുതല്‍ സമയവും മുറിക്കുള്ളില്‍ തന്നെയാണ് കഴിഞ്ഞുകൂടിയത്.