കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ബിജെപിയെക്കാള്‍ ശക്തമായി വിശ്വാസികള്‍ക്കായി നിലപാടെടുത്ത ആളാണ് പിസി ജോര്‍ജ്. തന്റെ മണ്ഡലത്തിലൂടെ പ്രായപരിധിക്കുള്ളിലുള്ള ഒരൊറ്റ സ്ത്രീകളെയും ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച വ്യക്തി. നാഷണല്‍ ചാനലുകളില്‍ വരെ പിസിയുടെ ശബ്ദം ഉയര്‍ന്നു. ഇത്തരത്തില്‍ ബിജെപിയോട് അനുഭാവമുള്ള ശബ്ദം ബിജെപിയിലേക്ക് തന്നെ പോകാന്‍ ഒരുങ്ങുന്നു എന്നതാണ് പുറത്ത് വരുന്ന വിവരം.
പുതിയ ബന്ധത്തിന് പൂഞ്ഞാര്‍ പഞ്ചായത്തില്‍ തുടക്കമാകുകയും ചെയ്തു. ബിജെപി പിന്തുണയോടെ പിസി ജോര്‍ജിന്റെ പാര്‍ട്ടിയായ ജനപക്ഷം പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വിജയിച്ചിരിക്കുകയാണ്. ഇടതുമുന്നണിയെയാണ് ബിജെപി സഹായത്തോടെ പുറത്താക്കിയത്. തുടര്‍ന്ന് പ്രസിഡന്റിനെതിരെയും അവിശ്വാസം കൊണ്ടുവരുമെന്നാണ് വിവരം. ഇതോടെ ബിജെപി പിസി ജോര്‍ജ് ബന്ധം മറയില്ലാതെ ആയിരിക്കുകയാണ്.
പിസി ജോര്‍ജിനെ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി വരുന്ന തെരഞ്ഞെടുപ്പില്‍ കാണാനാകുമെന്നാണ് കരുതുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പിസി ജോര്‍ജ് എത്തുന്നത് നിയമസഭയ്ക്കകത്തും ഹിന്ദുത്വ രാഷ്ട്രീയത്തിന് വന്‍ കുതിപ്പ് നല്‍കുമെന്നതില്‍ സംശയമില്ല. കൂടാതെ മകന്‍ ഷോണ്‍ ജോര്‍ജ് ലോകസഭയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ ആവശ്യം ബിജെപിക്ക് മുന്നിലെയ്ക്ക് പിസി ജോര്‍ജ് വച്ചുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ബിജെപി തൊടാന്‍ കഴിയാത്ത പാര്‍ട്ടിയല്ലെന്നും മുന്നണിയില്‍ തെറ്റില്ലെന്നും പിസി പരസ്യമായി നിലപാടെടുത്തു കഴിഞ്ഞു.
ജോര്‍ജിന്റെ ആവശ്യങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ട്. സംസ്ഥാന ബിജെപി നേതൃത്വത്തിലെ ചിലര്‍ ജോര്‍ജിന്റെ വരവിനു തടസം നില്‍ക്കാനും ശ്രമിക്കുന്നുണ്ട്. പത്തനംതിട്ട ലോക്‌സഭാ സീറ്റ് ലക്ഷ്യം വയ്ക്കുന്നവരാണ് ജോര്‍ജിന്റെ നീക്കം തടയാന്‍ ശ്രമിക്കുന്നത്. പക്ഷെ ജോര്‍ജ് വന്നാല്‍ പത്തനംതിട്ട വിട്ടു നല്‍കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കോട്ടയവും ഷോണ്‍ ജോര്‍ജിന് നല്‍കാന്‍ ബിജെപി തയ്യാറാകും. ശബരിമലയിലെ ജോര്‍ജിന്റെ നിലപാട് കേന്ദ്ര നേതൃത്വം കണക്കില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. അതിനാലാണ് കേന്ദ്ര ബിജെപി ജോര്‍ജിന് അനുകൂലമായി നീങ്ങുന്നത്.
ജനപക്ഷത്തെ എന്‍ഡിഎ ഘടകക്ഷിയാക്കുന്നതിനെതിരെ ജോര്‍ജിന്റെ സ്വന്തം തട്ടകങ്ങളില്‍ എതിര്‍പ്പ് ശക്തമാണ്. ജോര്‍ജിന്റെ ഈ നീക്കത്തിന്നെതിരെ പൂഞ്ഞാറിലും ഈരാറ്റുപേട്ടയിലും പാലായിലുമെല്ലാം പ്രതിഷേധം ഉയരുകയാണ്. ജനപക്ഷത്തെ എന്‍ഡിഎ ഘടകക്ഷിയാക്കുന്നതിന്നെതിരെയാണ് എതിര്‍പ്പ് ജോര്‍ജിന് മുന്നില്‍ ഉയരുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായപ്പോള്‍ ജോര്‍ജ് സ്വീകരിച്ച ബിഷപ്പ് അനുകൂല നിലപാട് ജോര്‍ജിന് സ്വന്തം തട്ടകത്തില്‍ വെല്ലുവിളിയായിരുന്നു. അന്ന് കൃസ്ത്യന്‍ കുടുംബങ്ങളില്‍ നിന്നും വ്യാപകമായ പ്രതിഷേധമാണ് ജോര്‍ജിന് നേരിടേണ്ടി വരുന്നത്.