പിസി ജോർജിന്റെ പാലാ മോഹം തകർന്നു!..യുഡിഎഫിലോ പാർട്ടിയിലോ എടുക്കില്ലയെന്ന് ജോസഫ്. ജോർജിന് നോ പറഞ്ഞ് ലീഗും പിജെ ജോസഫും. പിസി തോമസിന് മുന്നില്‍ ലയനം

തിരുവനന്തപുരം: പിസി ജോർജിനെ യുഡിഫ് മുന്നണിയിൽ എടുക്കില്ലായെന്ന വാശിയുമായി പി.ജെ ജോസഫ് .പാലാ സീറ്റ് മോഹിച്ച് എത്തുകയും വേണ്ട എന്നാണു ജോസഫ് പക്ഷം .അതെ സമയം ജോർജിന്റെ യുഡിഎഫ് മുന്നണി പ്രവേശനത്തെ മുസ്ലിം ലീഗും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരിക്കയാണ് .ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ എൻഡിഎ മുന്നണി വിട്ട പിസി ജോർജ് യുഡിഎഫ് ലക്ഷ്യം വെച്ചായിരുന്നു ചരടുവലികൾ നടത്തിയിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് മുന്നണി പ്രവേശം നടക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ജോസ് കെ മാണിയുടെ അഭാവത്തിൽ ജോര്‍ജിനെ മുന്നണിയിലെടുക്കുന്നതിനോട് കോൺഗ്രസ് ഐ വിഭാഗത്തിനും താത്പര്യം ഉണ്ടായിരുന്നു.എന്നാൽ ഉമ്മൻചാണ്ടിയുടെ കടുത്ത വിമർശകനമായ ജോർജിനെ മുന്നണിയുടെ പടി കയറ്റരുതെന്ന് എ വിഭാഗം കട്ടായം പറഞ്ഞു. മാത്രമല്ല പ്രാദേശിക നേതൃത്വത്തിനിടയിലും എതിർപ്പ് കടുത്തു. ഇതോടെ ജോർജിന് മുന്നിൽ യുഡിഎഫ് വാതിലുകൾ കൊട്ടിയടക്കപ്പെട്ടു. അതേസമയം തദ്ദേശതിരഞ്ഞെടുപ്പിൽ നേടിയ അപ്രതീക്ഷിത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മാറി ചിന്തിക്കാൻ യുഡിഎഫ് നേതൃത്വം നിർബന്ധിതരായി.

ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും മുന്നണി വിട്ടത് തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ആക്കം കൂട്ടിയെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. എല്‍ജെഡിയുടെ മാറ്റം അത്ര പ്രതിഫലിച്ചില്ലെങ്കിലും മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ചുവടുമാറ്റം ചരിത്രത്തിലെ തന്നെ ഏറ്റവു വലിയ തിരിച്ചടികളിലൊന്നാണ് യുഡിഎഫിന് നല്‍കിയത്. ഈ സാഹചര്യത്തിലാണ് മുന്നണി വിപുലീകരണം എന്ന അജണ്ടയുമായി കോണ്‍ഗ്രസ് നേതാക്കള്‍ മുന്നിട്ട് ഇറങ്ങിയത്. പിസി തോമസ്, പിസി ജോര്‍ജ് എന്നിവരെ മുന്നണിയില്‍ എത്തിക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ ഈ നീക്കത്തില്‍ ശക്തമായ എതിര്‍പ്പാണ് മുന്നണിയിലെ മറ്റ് ഘടകക്ഷികളില്‍ നിന്നും ഉയരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ മുന്നണി വിപുലീകരണം സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് പിസി ജോര്‍ജും വ്യക്തമാക്കിയിരുന്നു. ഉമ്മന്‍ചാണ്ടിയുമായി യാതൊരു പ്രശ്നവും ഇല്ലെന്നും യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും പിസി ജോര്‍ജ് പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്‍ഡിഎ വിട്ട് യുഡിഎഫില്‍ ചേരാന്‍ കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗവും ശ്രമം ആരംഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം വലിയ അവഗണനയാണ് മുന്നണിയില്‍ നിന്നും ഉണ്ടായത്. ഇത് സഹിച്ച് ഇനിയും മുന്നണിയില്‍ തുടരാന്‍ കഴിയില്ലെന്നായിരുന്നു പിസി തോമസ് വ്യക്തമാക്കിയത്. പിസി തോമസിനെ മുന്നണിയില്‍ എത്തിക്കുന്നതിന് പിജെ ജോസഫിനും താല്‍പര്യം ഉണ്ടായിരുന്നു.

എന്നാല്‍ ഇരുവരുടേയും കാര്യത്തില്‍ പല വിധ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനാല്‍ തീരുമാനം ഉടന്‍ വേണ്ടെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തുകയായിരുന്നു. പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ മുസ്ലിം ലീഗും യുഡിഎഫ് പ്രാദേശിക നേതൃത്വവും അതിശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഈരാറ്റുപേട്ട മണ്ഡലം കമ്മറ്റി പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.

ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനിടെ പിജെ ജോസഫും രംഗത്ത് വന്നു. പിസി ജോര്‍ജിനെ പാര്‍ട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്നാണ് പിജെ ജോസഫ് വ്യക്തമാക്കിയത്. ജോര്‍ജിന് പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിക്കാം. പാലാ അടക്കമുള്ള അതിരുകടന്ന അവകാശവദങ്ങളൊന്നും ജോര്‍ജിന് വേണ്ടെന്നും ജോസഫ് ചൂണ്ടിക്കാട്ടി.

അതേസമയം തന്നെ, പിസി ജോര്‍ജിനോടോ പിസി തോമസിനോടോ കോണ്‍ഗ്രസ് തീര്‍ത്തും നോ പറഞ്ഞിട്ടില്ല. യുഡിഎഫുമായി ചര്‍ച്ച നടത്താന്‍ സമിതിയെ നിയോഗിച്ചതായ ഏകപക്ഷീയ പ്രസ്താവന ജോർജ് നടത്തിയതും മുന്നണിക്കുള്ളിലെ എതിര്‍പ്പ് ശക്തമാക്കി. യുഡിഎഫില്‍ ചേരാന്‍ തയ്യാറാണെന്ന് പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചതല്ലാതെ യുഡിഎഫിന് ഔദ്യോഗികമായി കത്തൊന്നും നല്‍കിയിട്ടില്ല.

പരസ്യമായും ചില നേതാക്കള്‍ മുഖേനയും മാത്രം നല്‍കിയ സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കക്ഷിയെ കൂട്ടുന്നതോ സീറ്റ് കൈമാറുന്നതോ ചര്‍ച്ച് ചെയ്യാന്‍ കഴിയില്ലെന്നും യുഡിഎഫ് നേതാക്കള്‍ നിലവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പിസി ജോര്‍ജിന്‍റെ അത്ര എതിര്‍പ്പ് പിസി തോമസിന്‍റെ കാര്യത്തില്‍ ഇല്ല. എന്നാല്‍ ഘടകക്ഷി ആക്കുന്നതിനോട് താല്‍പര്യമില്ല.

പൂഞ്ഞാര്‍ ഉള്‍പ്പടെ അഞ്ച് സീറ്റുകള്‍ ആവശ്യപ്പെടാനായിരുന്നു ജോര്‍ജിന്‍റെ നീക്കം. പാലാ, കാഞ്ഞിരപ്പള്ളി, ഇരിങ്ങാലക്കുട, പേരാമ്പ്ര സീറ്റുകളാണ് അദ്ദേഹം വേണമെന്ന് പറഞ്ഞത്. പാലായില്‍ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാല്‍ താന്‍ അവിടെ മത്സരിക്കുമെന്നും പിസി ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ ഇല്ലെങ്കില്‍ മാത്രമേ മത്സരത്തിന് ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗത്തില്‍ ലയിച്ച് യുഡിഎഫില്‍ എത്തുക എന്ന നിര്‍ദേശമാണ് പിസി തോമസിന് മുന്നില്‍ യുഡിഎഫ് വെച്ചിരിക്കുന്നത്. പിസി തോമസുമായുള്ള ലയനത്തിന് ജോസഫിനും സമ്മതമാണ്. പാര്‍ട്ടിയുടെ അവകാശവാദത്തെ ചൊല്ലി ജോസ് കെ മാണിയുമായുള്ള തര്‍ക്കത്തില്‍ കോടതിയില്‍ നിന്നും തിരിച്ചടിയേറ്റ് പശ്ചാത്തലത്തില്‍ ലയനം ജോസഫിനും ആവശ്യമാണ്.

കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗത്തില്‍ ലയിച്ച് യുഡിഎഫില്‍ എത്തുക എന്ന നിര്‍ദേശമാണ് പിസി തോമസിന് മുന്നില്‍ യുഡിഎഫ് വെച്ചിരിക്കുന്നത്. പിസി തോമസുമായുള്ള ലയനത്തിന് ജോസഫിനും സമ്മതമാണ്. പാര്‍ട്ടിയുടെ അവകാശവാദത്തെ ചൊല്ലി ജോസ് കെ മാണിയുമായുള്ള തര്‍ക്കത്തില്‍ കോടതിയില്‍ നിന്നും തിരിച്ചടിയേറ്റ് പശ്ചാത്തലത്തില്‍ ലയനം ജോസഫിനും ആവശ്യമാണ്.

Top