സ്വന്തം ലേഖകന്‍
വടക്കാഞ്ചേരി: സിപിഎം കൗണ്‍സിലര്‍ അടക്കം ആരോപണത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയ്ക്കും ഭര്‍ത്താവിനുമെതിരെ വീണ്ടും പൊലീസ് കേസ്. മക്കളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും ആക്രമിച്ചതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും എതിരെ കേസെടുത്തത്.
സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി കേരളത്തെ ഞെട്ടിച്ച വടക്കാഞ്ചേരി പീഡനക്കേസ് യുവതിക്കും ഭര്‍ത്താവിനും എതിരേ ബാലപീഡനത്തിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ചട്ടുകം പഴുപ്പിച്ചു വെയ്ക്കുന്നെന്നും ഭക്ഷണം തരാറില്ലെന്നും ആരോപിച്ച് മക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല.
മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയില്‍ കഴിയുന്ന പതിനൊന്നും ഒമ്പതും വയസ്സുള്ള കുട്ടികളാണ് മാതാപിതാക്കള്‍ക്കെതിരേ പരാതി നല്‍കിയിട്ടുള്ളത് എന്നാണ് വിവരം. പെരിങ്ങണ്ടൂര്‍, കുറാഞ്ചേരി എന്നിവിടങ്ങളില്‍ വാടകയ്ക്ക് താമസിച്ചപ്പോള്‍ മാനസീകമായും ശരീരികമായും മാതാപിതാക്കള്‍ പീഡിപ്പിച്ചെന്ന് കുട്ടികള്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ വഴിയായിരുന്നു പരാതി നല്‍കിയത്. മെഡിക്കല്‍ കോളേജ് പിന്നീട് പോലീസിന് പരാതി കൈമാറുകയായിരുന്നു.
പോലീസ് കുട്ടികളുടെ മൊഴിയെടുത്തിട്ടുണ്ട്. മൊഴിയില്‍ കുട്ടികള്‍ ഉറച്ചു നിന്നതോടെയാണ് കേസെടുത്തത്. മാതാപിതാക്കളുടെ ബഹളത്തെ തുടര്‍ന്ന് മാനസീക പീഡനം അനുഭവിക്കുന്നതായും ഇവരുടെ മൊഴിയില്‍ പറയുന്നുണ്ട്. മെഡിക്കല്‍ പോലീസ് ആണ് ശനിയാഴ്ച കേസ് എടുത്തത്. ആഴ്ചകള്‍ക്ക് മുമ്പായിരുന്നു തൃശൂര്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ നാലു പേര്‍ പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതിയും ഭര്‍ത്താവും സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ കേസെടുത്തത്.