ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ;രഹ്ന ഫാത്തിമയുടെ ഹര്‍ജിയില്‍ തടസ്സ ഹര്‍ജി..

ന്യൂഡല്‍ഹി: ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി. അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭയാണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്. തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് തടസ്സഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. രഹ്ന ഫാത്തിമയുടെ ഹര്‍ജിയില്‍ ശബരിമല ആചാര സംരക്ഷണ സമിതി തിങ്കളാഴ്ച തടസ്സ ഹര്‍ജി സമര്‍പ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിക്ക് ഒപ്പം ബിന്ദു അമ്മിണിയുടെ അപേക്ഷയും ഈ ആഴ്ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.ബിന്ദു അമ്മിണി നല്‍കിയ പരാതി പരിഗണിക്കവേ ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അറിയിച്ചിരുന്നു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

ശബരിമല ദര്‍ശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമയ്ക്ക് പുറമെ, ബിന്ദു അമ്മിണിയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. രണ്ട് അപേക്ഷകളും ഈ ആഴ്ച കേള്‍ക്കാം എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കിയിരുന്നു. അതിനിടെ, രഹ്ന ഫാത്തിമയുടെയും ബിന്ദു അമ്മിണിയുടെയും ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് അരയ സമാജം (കണ്ണന്‍കടവ് ശ്രീകുറുംബ ഭഗവതി ക്ഷേത്ര ധര്‍മ്മ പരിപാലന അരയസമാജം) സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാനാണ് അരയ സമാജം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

ശബരിമല സന്ദര്‍ശിക്കാന്‍ കോടതിയെ സമീപിച്ചവര്‍ യഥാര്‍ത്ഥ ഭക്തരല്ലെന്ന് അപേക്ഷയില്‍ അരയ സമാജം ചൂണ്ടിക്കാട്ടുന്നു. ‘സ്വാര്‍ത്ഥ താത്പര്യങ്ങള്‍ ഉള്ള രാഷ്ട്രീയ ആക്ടിവിസ്റ്റുകള്‍ ആണ് കോടതിയെ സമീപിച്ചത്. പ്രശസ്തി ആണ് ലക്ഷ്യം’. ബലം പ്രയോഗിച്ച്‌ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചാല്‍ അത് ശബരിമലയിലും സംസ്ഥാനത്തും നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും അരയ സമാജം ചൂണ്ടിക്കാട്ടുന്നു.

ശബരിമല യുവതീ പ്രവേശന വിഷയം, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, പാഴ്‌സി സ്ത്രീകളുടെ ആരാധനാവകാശം തുടങ്ങിയ വിഷയങ്ങള്‍ സുപ്രീം കോടതിയിലെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട വിഷയങ്ങള്‍ ആണ്. ഇപ്പോള്‍ തിരക്കിട്ട് ശബരിമലയിലേക്ക് യുവതീ പ്രവേശനം അനുവദിക്കരുത്. യുവതീ പ്രവേശനം തിരക്കിട്ട് അനുവദിച്ചാല്‍ ഹിന്ദു സമൂഹത്തില്‍ ഉണ്ടാകുന്ന മുറിവ് പിന്നീട് ശമിപ്പിക്കാന്‍ കഴിയില്ലെന്നും അരയ സമാജം അപേക്ഷയില്‍ വ്യക്തമാക്കുന്നു.

യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കുക, പ്രായപരിശോധന തടയുക, ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുക, സ്ത്രീപ്രവേശന വിധിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം നല്‍കുക, സ്ത്രീപ്രവേശന വിധിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിന്ദുവിന്റെ ഹര്‍ജി.

ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമ നല്‍കിയത്. ഇരുവരുടെയും ഹര്‍ജി അടുത്താഴ്ച പരിഗണിക്കുന്നതാണ്. മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെയുടെ മുന്നിലാണ് വിഷയം ഉന്നയിച്ചത്. അടിയന്തരമായി റിട്ട് ഹര്‍ജി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് എത്തിയെങ്കിലും പരാജയപ്പെട്ടുവെന്ന് രഹ്ന ഫാത്തിമ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ പറയുന്നു.

Top