തിരുവനന്തപുരം: പൊതുജനത്തിന് ഇരുട്ടടിയായി മാറുകയാണ് കേന്ദ്രബജറ്റിലെ പെട്രോള്‍ തീരുവയും സെസും. ഇന്നലെത്തെ ബജറ്റ് പ്രഖ്യാപനത്തിലാണ് ലിറ്ററിന് ഒരു രൂപ സെസും ഒരു രൂപ തീരുവയും വര്‍ധിപ്പിച്ചത്. റോഡ് അടിസ്ഥാനസൗകര്യ വികസന ഫണ്ട് കണ്ടെത്താനായി സെസ് ഒരു രൂപയാണ് പെട്രോളിനും ഡീസലിനും മേല്‍ അധികമായി ചുമത്തിയത്. ഇതിന് പുറമെ ഒരു രൂപ തീരുവയും കൂട്ടിയിരുന്നു.
കേന്ദ്രബഡ്ജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തെ ഇന്ധനവിലയില്‍ വന്‍ വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 2.50 രൂപ, ഡീസല്‍ ലിറ്ററിന് 2.47 രൂപ എന്നിങ്ങനെയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്രബഡ്ജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതിക്ക് മുകളില്‍ സംസ്ഥാന നികുതി കൂടി വരുന്നതിനാലാണ് ഇത്രയും തുക വര്‍ദ്ധിക്കുന്നത്. എന്നാല്‍ ഇന്ധന വില വര്‍ദ്ധനയിലൂടെ കേരളത്തിന് വരുമാന വര്‍ദ്ധനയുണ്ടാകില്ലെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് വിശദീകരിച്ചത്.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ നികുതി കൂട്ടുകയും വില കൂടുമ്പോള്‍ നികുതി കുറയ്ക്കാതിരിക്കുകയും ചെയ്യുന്നത് തുടരുന്നതിനിടയിലാണ് അധികഭാരം. ഇത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനുപുറമേ, സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒരു രൂപ കിഫ്ബി സെസിന്റെ ഭാരവുമുണ്ട്. അതിനിടെ, പെട്രോളിനും ഡീസലിനും വില കൂടുന്നത് സ്വകാര്യ വാഹനമുള്ളവരെ വിഷമിപ്പിക്കുമെന്നും ഇത് വിലക്കയറ്റത്തിനും ഇടയാക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പണക്കാരെ സംതൃപ്തിപ്പെടുത്താന്‍ മാത്രമുള്ള ബഡ്ജറ്റാണിതെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചിട്ടുണ്ട്.
എന്നാല്‍ പെട്രോള്‍ വിലവര്‍ദ്ധനവ് പൊതുജനങ്ങളെ ബാധിക്കില്ലെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. രാജ്യത്ത് ഇന്ധന ഉപഭോഗം കുറയ്ക്കുക എന്നതാണ് കേന്ദ്രനയമെന്നും രമേശ് പറഞ്ഞു