ബെംഗളൂരു: സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഇരുപത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇന്ത്യയിൽ 2047 ആകുമ്പോഴേക്ക് ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നുവെന്ന് എൻഐഎ.ഇസ്ലാമിക രാഷ്ട്രം ലക്ഷ്യമിട്ട് പിഎഫ്‌ഐ നടത്തിയ കൊലപാതകമാണ് പ്രവീണിന്റേതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2047ല്‍ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ പിഎഫ്‌ഐ ലക്ഷ്യമിട്ടെന്നും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഇതിനായി ആളുകളെ ലക്ഷ്യമിട്ട് കൊല്ലാനായി കില്ലർ സ്ക്വാഡുകൾ, അഥവാ സർവീസ് ടീമുകൾ രൂപീകരിച്ചു. ഇവർക്ക് ആയുധപരിശീലനമടക്കം നൽകിയിരുന്നുവെന്നും എൻഐഎ വ്യക്തമാക്കുന്നു. കർണാടകത്തിലെ യുവമോർച്ച നേതാവായ പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതകക്കേസിൽ നൽകിയ കുറ്റപത്രത്തിലാണ് എൻഐഎയുടെ ഈ കണ്ടെത്തലുകൾ.
2022 ജൂലൈ 26-നാണ് ദക്ഷിണകർണാടകയിലെ സുള്ള്യയിൽ യുവമോർച്ച നേതാവായ പ്രവീൺ നെട്ടാരുവിനെ നാലംഗസംഘം പട്ടാപ്പകൽ വെട്ടിക്കൊല്ലുന്നത്. അഞ്ച് ദിവസം മുമ്പ് കാസർകോട് സ്വദേശിയായ മസൂദിനെ കൊന്നതിലെ പ്രതികാരമായിട്ടായിരുന്നു കൊലപാതകമെന്നായിരുന്നു ആദ്യനിഗമനം.
ദേശീയതലത്തിൽ തന്നെ വലിയ കോളിളക്കമുണ്ടാക്കിയ ഈ കേസിലാണ് അഞ്ചരമാസത്തെ അന്വേഷണത്തിന് ശേഷം എൻഐഎ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ജനാധിപത്യം അട്ടിമറിച്ച് 2047-ഓടെ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു എന്നതടക്കം ഗുരുതരമായ പരാമർശങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഇതിനായി കില്ലർ സ്ക്വാഡുകളെ രൂപീകരിച്ചു. ഇവർക്ക് സർവൈലൻസ്, ആയുധ പരിശീലനം നൽകിയെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.
സമൂഹത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കാനും തീവ്രവാദം വളർത്താനും ഭീതി പരത്താനും ഉദ്ദേശിച്ചായിരുന്നു കൊലപാതകം. പ്രവീൺ നെട്ടാരുവിനെ കൊന്നത് കൃത്യമായി പദ്ധതിയിട്ടാണ്. ഇത് പോലെ ആളുകളെ ലക്ഷ്യം വച്ച് കൊല്ലാനും കൃത്യം പദ്ധതികളുണ്ടായിരുന്നെന്നും കുറ്റപത്രം പറയുന്നു. കേസിൽ 20 പേരെയാണ് എൻഐഎ പ്രതി ചേർത്തിരിക്കുന്നത്. ഇതിൽ 6 പേർ ഒളിവിലാണ്. ദക്ഷിണകന്നഡ സ്വദേശികളായ ഇവരെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.