കൊച്ചി: മംഗളം ചാനലിന്റെ ഫോണ്‍ കെണി വിവാദത്തില്‍ വന്‍ വഴിത്തിരിവ്. രാജി വച്ച മന്ത്രി ശശീന്ദ്രനെതിരായ കേസില്‍ നിന്നും പരാതിക്കാരിയായ യുവതി പിന്മാറി. തന്നെ ശല്യം ചെയ്‌തെന്ന പരാതിയില്‍ നിന്നുമാണ് യുവതി പിന്മാറിയത്. ഫോണില്‍ സംസാരിച്ച ആളെ വ്യക്തമല്ലെന്ന് യുവതി.
മന്ത്രിയുടെ ഔദ്യോഗികവസതിയില്‍വച്ച് തന്നെ ആരും ശല്യം ചെയ്തിട്ടില്ലെന്ന് പരാതിക്കാരിയായ ചാനല്‍പ്രവര്‍ത്തക കോടതിയെ അറിയിച്ചു. ഫോണില്‍ അശ്ലീലമായി സംസാരിച്ചത് ശശീന്ദ്രനാണോ എന്ന് തനിക്ക് ഉറപ്പില്ലെന്നും പരാതിക്കാരി തിരുവനന്തപുരം സിജെഎം കോടതിയില്‍ വ്യക്തമാക്കി. കേസില്‍ ശനിയാഴ്ച കോടതി വിധി പറയും.
എന്‍സിപി നേതാവായിരുന്ന മന്ത്രി ശശീന്ദ്രന്‍ 2017 മാര്‍ച്ച് 26 നാണ് രാജിവച്ചത്. മംഗളം ചാനലില്‍ വന്ന ടെലിഫോണ്‍ സംഭാഷണമാണ് രാജിക്ക് കാരണമായത്. ശശീന്ദ്രന്‍ വീട്ടമ്മയായ സ്ത്രീയോട് അശ്ലീല സംഭാഷണം നടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് മന്ത്രിയ്‌ക്കെതിരായ കെണിയാണെന്ന് പിന്നീട് ആരോപണമുയര്‍ന്നു.
ഇതേ തുടര്‍ന്ന് പൊലീസ് കേസും എടുത്തു. പൊലീസ് കേസില്‍ ചാനലിന്രെ സിഇഒ അജിത് കുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്ക് ജാമ്യം ലഭിച്ചു.