
മുംബയ്: വിമാനത്തിന്റെ കോക്പിറ്റില്‍ പൈലറ്റുമാര്‍ തമമിലടിച്ചു. രണ്ടുപേരും കോക്പിറ്റില്‍ നിന്നും ഇറങ്ങിപ്പോയി. യാത്രക്കാരെ ഞെട്ടിച്ച സംഭവം നടന്നത് പുരുവത്സരദിനത്തില്‍. വിമാനം പറക്കുന്നതിനിടയില്‍ കമാന്‍ഡര്‍ പൈലറ്റും വനിതാ സഹപൈലറ്റും കോക്പിറ്റില്‍ നിന്ന് ഇറങ്ങിപ്പോയി. ലണ്ടനില്‍നിന്നു മുംബൈയിലേക്കു പറന്ന ജെറ്റ് എയര്‍വെയ്‌സിന്റെ 9 ഡബ്ല്യു 119 എന്ന വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
രണ്ട് കുട്ടികളും 14 ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 324 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നു തുടങ്ങിയ ഉടനെയാണ് പൈലറ്റുമാര്‍ തമ്മില്‍ വഴക്ക് തുടങ്ങിയത്. തര്‍ക്കത്തിനിടെ പ്രധാന പൈലറ്റ് വനിതാ പൈലറ്റിനെ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്. കോക്പിറ്റ് ക്രൂവിലെ ആശയവിനിമയത്തില്‍ സംഭവിച്ച പിഴവാണ് അസ്വഭാവിക സംഭവങ്ങള്‍ക്കു കാരണമെന്ന് ജെറ്റ് എയര്‍വെയ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. രണ്ടു പൈലറ്റുമാരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) തീരുമാനിച്ചു. അന്വേഷണം പൂറത്തിയാകുന്നതുവരെ പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി.
ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമെന്താണെന്ന് വ്യക്തമല്ല. വഴക്കിനെതുടര്‍ന്ന് വനിതാ പൈലറ്റ് കരഞ്ഞുകൊണ്ട് കോക്പിറ്റില്‍നിന്നു പുറത്തേക്കു വരുന്നതാണ് മറ്റുള്ളവര്‍ കണ്ടത്. ഇവരോടു തിരിച്ചുവരാന്‍ മുഖ്യ പൈലറ്റ് ഫോണിലൂടെ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ കമാന്‍ഡര്‍ പൈലറ്റും കോക്പിറ്റില്‍നിന്ന് പുറത്തുവന്നു. ഇത് ഏവരെയും ആശങ്കയിലാക്കി.
ക്രൂ അംഗങ്ങള്‍ ഇടപെട്ട് ഇരുവരെയും കോക്പിറ്റിലേക്കു തിരിച്ചയച്ചു. വീണ്ടും വഴക്കുണ്ടായതിനെ തുര്‍ന്ന് വനിതാ പൈലറ്റ് പുറത്തിറങ്ങി. സംഭവം അപകടമാണെന്ന് തിരിച്ചറിഞ്ഞതോടെ യാത്രക്കാര്‍ ഭയപ്പെട്ടു. വിമാന ക്രൂവിന്റെയും യാത്രക്കാരുടെയും അപേക്ഷയെ തുടര്‍ന്ന് വനിതാ പൈലറ്റ് കോക്പിറ്റിലേക്കു തിരിച്ചുപോയപ്പോഴാണ് ഏവര്‍ക്കും സമാധാനമായത്. വിമാനം സുരക്ഷിതമായാണ് ലാന്‍ഡ് ചെയ്തതെന്നും യാത്രക്കാര്‍ക്കും അസ്വസ്ഥകളില്ലെന്നും ജെറ്റ് എയര്‍വെയ്‌സ് അറിയിച്ചു.