അമിത്ഷായുടെ വാക്ക്‌കേട്ട് സംഘപരിവാര്‍ ഇറങ്ങിത്തിരിച്ചാല്‍ അതിന്‍റെ ഫലം അനുഭവിക്കേണ്ടിവരും.പലയിടത്തും നടപ്പാക്കിയ കലാപ ആഗ്രഹങ്ങളുമായി കേരളത്തിലേക്ക് വരേണ്ട-മുഖ്യമന്ത്രി.

കൊച്ചി: അമിത് ഷായുടെ വാക്കുകേട്ട് സമാധാനം അലങ്കോലപ്പെടുത്താന്‍ സംഘപരിവാര്‍ ഇറങ്ങിത്തിരിച്ചാല്‍ അതിന്‍ന്റെ ഫലം അവര്‍ അനുഭവിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷാ പലയിടത്തും പലതും നടത്തിയിട്ടുണ്ടെന്ന് മുമ്പ് കേട്ടിട്ടുണ്ടെന്നും എന്നാല്‍ അങ്ങനെയുള്ള മണ്ണല്ല ഇതെന്ന് ഓര്‍ത്തോളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ശബരിമലയില്‍ സമരം ചെയ്യുന്നവരെ ഡിവൈഎഫ്‌ഐക്കാരെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മടിക്കില്ലെന്നും ഇതു പിണറായി സര്‍ക്കാര്‍ ചെവി തുറന്നു കേട്ടോളൂ എന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗത്തിന്് മറുപടിയുമായി മുഖ്യമന്ത്രി രംഗത്ത് ഇന്നലെയും വന്നിരുന്നു

‘പലയിടത്തും നടപ്പാക്കിയ കലാപ ആഗ്രഹങ്ങളുമായി കേരളത്തിലേക്ക് വരേണ്ട. അമിത് ഷാ മനസ്സിലാക്കേണ്ട കാര്യം ഏതെങ്കിലും ഒരുകൂട്ടര്‍ ഉരുട്ടിപുരട്ടി കൊണ്ടുവന്നതല്ല, ജനലക്ഷങ്ങള്‍ ഒന്നാകെ അധികാരത്തിലേറ്റിയ സര്‍ക്കാരാണ് കേരളത്തിലേത്. ശബരിമലയെ കലാപഭൂമിയാക്കാമെന്ന വ്യാമോഹം വേണ്ട. ഇത് കലാപത്തിന് തയ്യാറെടുക്കുന്നവര്‍ മനസ്സിലാക്കുന്നത് നല്ലതാണ്’. എല്‍.ഡി.എഫ് എറണാകുളത്ത് സംഘടിപ്പിച്ച ജനകീയ റാലി ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

അമിത് ഷാ രണ്ടുവരവുകൂടി വന്നോട്ടെ, നന്നായിരിക്കും. ഇത്തരത്തിലുള്ള ചില പ്രഖ്യാപനങ്ങള്‍ നടത്തും. നല്ലതിനാണെങ്കില്‍ നല്ലത്, നവോത്ഥാനങ്ങള്‍ പുറകോട്ടടിക്കാനാണെങ്കില്‍ ഈ കേരള മണ്ണില്‍ നടക്കില്ല. നിങ്ങള്‍ക്കൊരു സീറ്റ് കിട്ടിയത് നിങ്ങളുടെ ശക്തികൊണ്ടല്ലെന്ന് നിങ്ങള്‍ക്കുമറിയാം ഈ കേരളത്തിലെ എല്ലാവര്‍ക്കുമറിയാം. അത് ഇവിടുത്തെ കോണ്‍ഗ്രസ് കാരണമാണ്. അതിലൊരു വിഭാഗം നേതാക്കളുടെ മനസ്സ് ബി.ജെ.പി.ക്കൊപ്പമാണ്. പിണറായി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കിട്ടുന്ന അവസരമൊക്കെ ബി.ജെ.പിയെ പിന്താങ്ങി സംസാരിക്കുയാണ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നിലപാട് സംരക്ഷിക്കാത്തത്. കേരളത്തിലെ കോണ്‍ഗ്രസ് സ്വയം നാശത്തിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.നമ്മുടെ നാട് ഇന്നത്തെ അവസ്ഥയിലെത്തിയത് എണ്ണമറ്റ നവോത്ഥാന പ്രക്ഷോഭങ്ങളുടെ ഫലമായാണ്. പഞ്ചമി പഠിക്കാതിരിക്കാന്‍ സ്‌കൂളിന് തീവച്ചവരല്ല വിജയിച്ചത്, നവോത്ഥാന മുന്നേറ്റങ്ങളാണ്. ഇതെല്ലാം നമ്മുടെ നാട് നേടിയെടുത്തത് ആരുടെയും ഔദാര്യമായല്ല. ഇപ്പോള്‍ ചിലര്‍ നാടിനെ പുറകോട്ടടിക്കാന്‍ ശ്രമിക്കുകയാണ്.

വിശ്വാസികള്‍ക്ക് ഒരാശങ്കയും വേണ്ട. എല്ലാ സുരക്ഷയും സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും. ഞങ്ങള്‍ വിശ്വാസികളോ അല്ലയോ എന്നത് ഒരു പ്രശ്‌നമല്ല. ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ശബരിമലക്ക് വേണ്ടി ചിലവഴിച്ച തുക മറ്റൊരു സര്‍ക്കാരും നല്‍കാത്തതാണ്. ആര്‍ക്കും കണക്കുകള്‍ പരിശോധിക്കാം.

ഈ രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ആരാധനാലയമാണ് ശബരിമല. അവിടെയെത്തുന്ന പണം ദേവസ്വം ആവശ്യത്തിനാണ് ചിലവഴിക്കുന്നത്. നിത്യ ചിലവിന് വരുമാനമില്ലാത്ത ക്ഷേത്രങ്ങള്‍ക്ക് ദേവസ്വംബോര്‍ഡ് ശബരിമലയിലെത്തുന്ന പണം ചിലവാക്കാറുണ്ട്. അല്ലാതെ ദേവസ്വംബോര്‍ഡിന്റെ പണം സര്‍ക്കാരിന്റെ പൊതുഖജനാവിലേക്ക് എടുക്കാറില്ല.ശാന്തിയും സമാധാനവും നിലനിര്‍ത്തേണ്ട സ്ഥലമാണ് ശബരിമലയെന്ന് ഇതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ത്തുന്നവര്‍ മനസ്സിലാക്കണം. ശബരിമല സമരത്തിന് നേതൃത്വം കൊടുത്തവരില്‍ ഒരാള്‍ സന്നിധാനത്ത് രക്തമോ മൂത്രമോ വീഴ്ത്താന്‍ പ്ലാന്‍ ചെയ്യുമെന്ന് പറഞ്ഞു. രക്തമൊഴുക്കാന്‍ ഏതായാലും ഇവര്‍ തയ്യാറാവില്ല. മൂത്രമൊഴിക്കാന്‍ തന്നെയാകും പദ്ധതി. എങ്ങനെയായും ദര്‍ശനം മുടക്കാനും ശബരിമല അടച്ചിടാനുമാണ് ഇവര്‍ താത്പര്യപ്പെടുത്തത്. മുഖ്യമന്ത്രി പറഞ്ഞു.

Top