മദ്യവര്‍ജനം ലക്ഷ്യമിട്ട പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷത്തിനുളളില്‍ പുതുതായി അനുവദിച്ചത് 86 ബാറുകള്‍  

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ പുതിയതായി അനുവദിച്ചത് 86 ബാറുകള്‍. പുതിയതായി ബാര്‍ തുടങ്ങാനുളള 11 അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും വിവരാവകാശ രേഖകള്‍ അടിസ്ഥാനമാക്കി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയം നടപ്പില്‍വന്ന 2015 മാര്‍ച്ച് 31ന് ശേഷം സംസ്ഥാനത്ത് തുറന്ന് പ്രവര്‍ത്തിച്ചത് 34 ബാറുകള്‍ മാത്രമായിരുന്നു. ഇപ്പോള്‍ 460 ബാറും 424 ബിയര്‍ വൈന്‍ പാര്‍ലറും തുറന്ന് പ്രവര്‍ത്തിക്കുന്നു. യുഡിഎഫിന്റെ മദ്യനയം വരുന്നതിന് മുന്‍പ് 2015 മാര്‍ച്ച് 31വരെ 311 ബാറും 465 ബിയര്‍ പാര്‍ലറും പ്രവര്‍ത്തിച്ചിരുന്നു. 2015ല്‍ പൂട്ടിയവയില്‍ എല്ലാം ഇനിയും തുറന്നിട്ടില്ല. 2015 മാര്‍ച്ച് 31വരെ സംസ്ഥാനത്ത് ബാര്‍ ലൈസന്‍സുളള 25 ക്ലബ്ബുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

നിലവില്‍ ബാര്‍ ലൈസന്‍സുളള 32 ക്ലബ്ബുണ്ട്. ഏഴ് ക്ലബ്ബാണ് പുതിയതായി ബാര്‍ ലൈസന്‍സ് നേടിയത്. 2015 മാര്‍ച്ചില്‍ ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് മാത്രമുണ്ടായിരുന്ന 61 സ്ഥാപനങ്ങള്‍ 2018 ഏപ്രിലിന് ശേഷം പുതിയതായി ബാര്‍ ലൈസന്‍സ് നേടിയിട്ടുണ്ട്. 2015 മാര്‍ച്ച്31വരെ ബാര്‍,ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് ഇല്ലാതിരുന്ന 65 സ്ഥാപനങ്ങള്‍ നിലവില്‍ ബാര്‍ ലൈസന്‍സും 19 സ്ഥാപനങ്ങള്‍ ബിയര്‍ പാര്‍ലര്‍ ലൈസന്‍സും നേടിയിട്ടുണ്ടെന്നും വിവരാവകാശ രേഖ പറയുന്നു. 2014 ആഗസ്റ്റ് 21ന് ഫൈവ് സ്റ്റാര്‍ ഒഴികെയുളള ബാറുകള്‍ അടച്ചുപൂട്ടാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. അതനുസരിച്ച് 418 ബാറാണ് സംസ്ഥാനത്ത് പൂട്ടിയത്. ത്രീസ്റ്റാര്‍ പദവിയുളള ഹോട്ടലുകള്‍ക്ക് ബാറുകള്‍ നല്‍കാന്‍ ഇടത് സര്‍ക്കാര്‍ തീരുമാനിച്ചതോട് കൂടി അത്തരം പദവിയോടെ പ്രവര്‍ത്തിച്ചിരുന്ന 86 പുതിയ ഹോട്ടലുകള്‍ക്കും ബാറുകള്‍ അനുവദിച്ചുവെന്നാണ് കണക്കുകളില്‍ നിന്ന് മനസിലാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഡിഎഫ് മദ്യനയത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ 418 ബാറുകളില്‍ ഇതുവരെ ത്രീസ്റ്റാര്‍ പദവി നേടാനാകാത്ത നിരവധി ഹോട്ടലുകളുണ്ട്. ഇവ ഇപ്പോഴും ബിയര്‍ പാര്‍ലറുകളാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയ പ്രകാരം പുതുതായി ത്രീസ്റ്റാര്‍ പദവി നേടുന്ന ഹോട്ടലുകളും ബാര്‍ ലൈസന്‍സിന് അര്‍ഹരാണ്. സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ പൂട്ടിയവ തുറക്കുന്നതല്ലാതെ പുതിയ ഒരു ബാറ് പോലും അനുവദിക്കില്ലെന്നാണ് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നത്.

Top