രാജിവയ്ച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണോയെന്ന് മുല്ലപ്പള്ളി.

തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ എല്ലാം പാലിച്ചെന്ന് മേനിപറയുന്ന മുഖ്യമന്ത്രി ഇപ്പോള്‍ രാജിവയ്ച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണോയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.മുണ്ടുടുത്ത സ്റ്റാലിനാണ് മുഖ്യമന്ത്രി.നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശം സ്പീക്കര്‍ നിഷേധിച്ചു.പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാനാണ് സ്പീക്കറുടെ ശ്രമം.സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം സാങ്കേതികമായി പരാജയപ്പെട്ടെങ്കിലും  കേരളജനതയുടെ മനസാക്ഷിക്കു മുന്നില്‍ വിജയിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.

അഴിമതി ഒരു ആചാരമാക്കിയ ഈ സര്‍ക്കാരിന്റെ നാലുവര്‍ഷം ദുരന്തകാലഘട്ടമായിരുന്നു.സന്തോഷത്തോടെ ഓണം പോലും ആഘോഷിക്കാന്‍ കഴിയാത്ത അവസ്ഥ.വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്.അത് നിഷേധിക്കാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമാകില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണിക്കൂറുകള്‍ മുഖ്യമന്ത്രി സഭയില്‍ നടത്തിയ പ്രസംഗം വെറും വാചോടാപം മാത്രമാണ്. എന്തെന്നില്ലാത്ത ഭീതിയാണ് മുഖ്യമന്ത്രിക്കുള്ളത്. മടിയില്‍ കനമുള്ളതിനാലാണ് അദ്ദേഹം ഭയക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയ്ക്ക് മുകളില്‍ വട്ടമിട്ട് പറക്കുന്നത് ചരിത്രത്തിലാദ്യം.എല്ലാത്തരം അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്.

പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങളിലും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലും മുഖ്യമന്ത്രി മറുപടി പറയാന്‍ തയ്യാറായില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മൂന്നര മണിക്കൂറിലേറെ നീണ്ട സഭയിലെ പ്രസംഗം കൊണ്ട് മുഖ്യമന്ത്രി ശ്രമിച്ചത്.

ഗുരുതര പ്രോട്ടോക്കാള്‍ ലംഘനമാണ് മന്ത്രി കെ.ടി.ജലീല്‍ നടത്തിയത്.ഏതു നിമിഷവും അദ്ദേഹത്തെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അറസ്റ്റു ചെയ്യും. ലൈഫ് മിഷന്‍ പദ്ധതിയിലും വന്‍ കുഭകോണമാണ് ഈ സര്‍ക്കാര്‍ നടത്തിയത്.

വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയത്. ബി.ജെ.പിയെ മുഖ്യപ്രതിപക്ഷമായി ഉയര്‍ത്തി കാട്ടാനാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ശ്രമിക്കുന്നത്. ബി.ജെ.പിക്കായി ചുവന്ന പരവതാനി വിരിക്കുകയാണ് മുഖ്യമന്ത്രി. അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് മുഖ്യമന്ത്രിക്ക്.ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. ഇരുവരും ഒളിച്ചുകളി നടത്തുകയാണ്. ഹിന്ദുമഹാസഭയുടെ ആരംഭം  മുതല്‍ തീവ്രവര്‍ഗീയതയെ എതിര്‍ത്തിരുന്ന ഏക രാഷ്ട്രീപ്രസ്ഥാനം കോണ്‍ഗ്രസാണ്.ബി.ജെ.പിയെ വളര്‍ത്തിയതില്‍ സി.പി.എമ്മിന്റെ പങ്ക് വളരെ വലുതാണ്.

സര്‍ക്കാര്‍ ജോലി നിഷേധിച്ച് യുവതീ യുവാക്കളെ വഞ്ചിച്ചു. ചെറുപ്പക്കാരുടെ നെഞ്ചില്‍ച്ചവിട്ടിയാണ്  സി.പി.എമ്മിന്റെ ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും പിന്‍വാതില്‍ വഴി നിയമനം നല്‍കുന്നത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് വന്നതിന് ശേഷം കോവിഡ് പ്രതിരോധം താളം തെറ്റി. കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയില്‍ അപമാനകരമായ സ്ഥാനത്താണ് ഇപ്പോള്‍ കേരളം.അതിന് കാരണക്കാര്‍ ഇവിടത്തെ സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്.

കോര്‍പ്പറേറ്റ് കുത്തകമുതലാളിമാരെ സഹായിക്കുന്ന നിലപാടും നടപടികളുമാണ് അധികാരത്തിലെത്തിയത് മുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.ഏറ്റവും ഒടുവില്‍ തിരുവനന്തപുരം വിമാനത്താവളം അദാനിയുടെ കൈകളിലെത്തിക്കുന്നതിന് സഹായകരമായ നിലപാട് സ്വീകരിച്ചു.അദാനിയുടെ കുടുംബത്തിന് ബന്ധമുള്ള കമ്പനിയെ ടെണ്ടര്‍ നടപടികള്‍ക്കായി നിയോഗിച്ചതിലൂടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരള ജനതയെ വഞ്ചിച്ചു.  ചോദ്യങ്ങളോട് എന്നും അസഹിഷ്ണുതയുള്ള  മുഖ്യമന്ത്രി സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനെതിരെ തുടരെ കടന്നാക്രമണമാണ് നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top