തിരുവനന്തപുരം: എസ്എഫ്ഐക്കെതിരായ വിമർശനം സഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമമെന്ന് മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി നിയമസഭയിൽ പറഞ്ഞു. എസ്എഫ്ഐ പ്രവർത്തനം നടത്തിയതിന്റെ പേരിൽ 35 പേർ കൊലചെയ്യപ്പെട്ടു. ഇത്തരം ഒരു അനുഭവം കെഎസ്‌യുവിന് പറയാനുണ്ടോയെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു.
കൊല നടത്തുക അതിനെ നിർലജ്ജം ന്യായീകരിക്കുക, കൊലയാളികളെ സംരക്ഷിക്കുക ഇതാണ് പ്രതിപക്ഷ നേതാക്കൾ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ. നിങ്ങൾ നടത്തിയ ആക്രമങ്ങളെ നേരിട്ടുകൊണ്ട് അല്ലേ എസ്എഫ്ഐ വളർന്നുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പടിപടിയുള്ള വളർച്ചയായിരുന്നില്ലേ എസ്എഫ്ഐയുടേത്. നടക്കാൻ പാടില്ലാത്തത് നടക്കുന്നുണ്ടെങ്കിൽ അതിനെ ന്യായീകരിക്കുന്നത് ഞങ്ങടെ പണിയല്ല. തെറ്റിനെ തെറ്റായി തന്നെ പറയുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
താനൊരു മഹാരാജാവ് അല്ലെന്നും ജനങ്ങളുടെ ദാസൻ മാത്രമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. എസ്എഫ്ഐക്ക് എതിരായ വിമർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സഭയിൽ വാക്‌പോര് നടത്തുന്ന സാഹചര്യവുമുണ്ടായി.
കടുത്ത ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. ആരെയും തല്ലിക്കൊല്ലാനുള്ള ലൈസൻസ് കേരളത്തിലെ മുഖ്യമന്ത്രി തന്നെ നൽകുന്നത് ജനം വിലയിരുത്തട്ടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നെറികെട്ട രാഷ്ട്രീയത്തിന്റെ ഇൻകുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടാപട നിങ്ങളെയും കൊണ്ടേ പോകുവെന്നും, നിങ്ങൾ ഒരിക്കലും തിരുത്താൻ തയ്യാറാവില്ലെന്ന് മനസിലായെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ക്രിമിനലുകളെ ഇനിയും പ്രോത്സാഹിപ്പിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നും താൻ മഹാരാജാവാണ് എന്നൊരു തോന്നൽ മുഖ്യമന്ത്രിക്ക് ഉണ്ടായേക്കുമെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. ഇതിന്റെ മറുപടിയായാണ് പിണറായി താൻ ജനങ്ങളുടെ ദാസനാണെന്ന് പറഞ്ഞത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന എസ്എഫ്ഐ-കെഎസ്‌യു സംഘർഷം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ വിമർശനം.