ചെത്തുകാരന്റെ മകനായതിൽ അപമാനമില്ല;അഭിമാനം : മുഖ്യമന്ത്രി.സുധാകരന്റെ ഭീഷണിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം മുട്ടുമടക്കിയെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: ചെത്തുകാരന്റെ മകനായതിൽ അപമാനമില്ലെന്നും അഭിമാനം മാത്രമേ ഉള്ളൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചെത്തുകാരന്റെ മകനാണ് താനെന്നും ആ വിളി താന്‍ അഭിമാനമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.കെപിസിസി വർക്കിങ് പ്രസി‍ഡന്റ് കെ.സുധാകരൻ എംപിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചെത്തുകാരന്റെ മകനെന്ന് വിളിച്ചതുകൊണ്ട് ആക്ഷേപിച്ചതായി ഞാന്‍ കാണുന്നില്ല. ജേഷ്ഠൻ ചെത്തുകാരനായിരുന്നു. രണ്ടാമത്തെ ജേഷ്ഠനും ചെത്ത് അറിയാമായിരുന്നു. അത് അഭിമാനമുള്ള കാര്യമായിട്ടാണ് കാണുന്നത്. തന്റേത് കർഷക കുടുംബമാണ്. ചെത്തുകാരന്റെ മകന്‍ എന്നത് അപമാനമായി കാണുന്നില്ല. ചെത്തുകാരന്റെ മകനായതിൽ അഭിമാനിക്കുന്ന ആളാണ് താൻ. എന്തെങ്കിലും ദുര്‍വൃത്തിയിൽ ഏർപ്പെട്ട ആളിന്റെ മകനാണെന്നു പറഞ്ഞാൽ ജാള്യത തോന്നാം. ഇതിൽ അങ്ങനെ തോന്നേണ്ട കാര്യമില്ല. ഒരു തൊഴിലെടുത്ത് ജീവിച്ച ആളിന്റെ മകൻ എന്നത് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.സുധാകരനെ ബ്രണ്ണൻ കോളജ് കാലം മുതൽ അറിയാം. തന്നെ അദ്ദേഹത്തിനും അറിയാം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും പിണറായി പറഞ്ഞു.

അതേസമയം ചെത്തുകാരന്റെ മകനായ പിണറായി ഹെലികോപ്ടറിലാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത് എന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ. സുധാകരന്റെ പ്രസ്താവന തൊഴിലിന് നേരെയും തൊഴില്‍ എടുക്കുന്നവന് നേരെയുള്ള ആക്ഷേപമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. തൊഴിലെടുത്ത് ജീവിക്കുക എന്നത് ഏറ്റവും അഭിമാനകരമാണെന്നും മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് അക്രമിക്കുകയാണെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.പാളയില്‍ കഞ്ഞി കുടിപ്പിക്കുമെന്ന പഴയ പ്രമാണിത്തത്തി ന്റെ തുടര്‍ച്ചയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. സുധാകരന്റെ ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കി. നാട്ടിലെ ജനങ്ങള്‍ ഇതൊന്നും അംഗീകരിക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. ഓരോരുത്തരുടേയും പ്രസ്താവന അവരവരുടെ നിലവാരമനുസരിച്ചാണ്.

കാര്യങ്ങള്‍ ജനം വിലയിരുത്തട്ടെ. തൊഴിലിന് നേരെയും തൊഴില്‍ എടുക്കുന്നവന് നേരെയുള്ള ആക്ഷേപമാണിത്. മുഖ്യമന്ത്രി മികച്ച ഭരണ നിര്‍വഹണം നിര്‍വഹിച്ച പൊതുപ്രവര്‍ത്തകനാണ്. ഉമ്മന്‍ ചാണ്ടി പിണറായി വിജയനെതിരെ കള്ളക്കേസ് ഉണ്ടാക്കി. കള്ള കേസ് അതിജീവിച്ച് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി. കേരളം മതനിരപേക്ഷതയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും വരെ ചാര്‍ട്ടേട് വിമാനങ്ങളില്‍ സഞ്ചരിക്കുന്നു. എന്നാല്‍, മുഖ്യമന്ത്രി ചാര്‍ട്ടേട് വിമാനങ്ങളില്‍ സഞ്ചരിക്കുന്നില്ല. കോണ്‍ഗ്രസ് മുന്‍ നിലപാടില്‍ നിന്ന് മാറി സുധാകരന്റെ പ്രസ്ഥാവനയെ ന്യായീകരിക്കുകയാണ്. സമ്പന്ന പ്രമാണിയുടെ മൂല്യബോധമാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. തൊഴിലാളിയ്ക്ക് ഉണ്ടായ പുരോഗമന മാറ്റം അംഗീകരിക്കുന്നില്ല. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഹെലികോപ്ടര്‍ ഉണ്ടെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

ആര്‍ക്കും പിഎസ്‌സിയില്‍ അഴിമതി ഉന്നയിക്കാന്‍ കഴിയില്ല. സുധാകരന്റെ ഭീഷണിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം മുട്ടുകുത്തിയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായ സമീപനം ബിജെപിയില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് അക്രമിക്കുകയാണെന്നും എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top