
കൊല്‍ക്കത്ത: ബിജെപി വിരുദ്ധ ചേരിക്ക് ശക്തി പകരാന്‍ ശ്രമിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ബംഗാളില്‍ സിപിഎം-തൃണമൂല്‍ നേതാക്കളും പ്രവര്‍ത്തകരും ശത്രുപക്ഷത്താണെങ്കിലും ഇന്ന് രാവിലെയുള്ള മമതയുടെ ഒരു ട്വീറ്റ് ഏറെ ചര്‍ച്ചയാകുകയാണ്.
സിപിഎം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് മമത. മമതയുടെ ആശംസയ്ക്ക് പിന്നില്‍ രാഷ്രീയമുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ബിജെപിക്കെതിരെ എന്‍ഡിഎ വിരുദ്ധ ചേരികളെ മൊത്തം ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മമത നീങ്ങുന്നത്. ഈ കൂട്ടായ്മയില്‍ സിപിഎമ്മും വന്നുചേരുമെന്നാണ് മമതയുടെ വിശ്വാസം. ഈ സാഹചര്യത്തിലാണ് പ്രാദേശിക ശത്രുത മാറ്റിവച്ച് സിപിഎം നേതാവിന് മമത ജന്മദിനാശംസ നേര്‍ന്നിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.
കര്‍ണാടകയില്‍ ബിജെപിയെ അധികാരത്തില്‍ നിന്നിറക്കിയ കോണ്‍ഗ്രസ്-ജെഡിഎസ് കൂട്ടുകെട്ടിനെ ആദ്യം അഭിനന്ദിച്ച നേതാക്കളില്‍ ഒരാളായിരുന്നു മമതാ ബാനര്‍ജി. കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ മമത എത്തിയിരുന്നു. ഈ ചടങ്ങിന് പിണറായി വിജയനുമുണ്ടായിരുന്നു. ചടങ്ങ് കഴിഞ്ഞ് മടങ്ങിയ ശേഷമാണ് മമത പിണറായിക്ക് ആശംസ നേര്‍ന്നത്.
പിണറായി വിജയന് ഇപ്പോള്‍ 74 വയസായി. രേഖകളില്‍ അദ്ദേഹത്തിന്റെ ജന്മദിനം 1944 മാര്‍ച്ച് 21 ആണ്. ജന്മദിനം പിന്നിട്ട് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് മമതയുടെ ആശംസ വന്നിരിക്കുന്നതെങ്കിലും ഇതില്‍ കര്‍ണാടക ഇഫക്ട് ഇല്ലേ എന്നാണ് ചര്‍ച്ച.
അടുത്ത വര്‍ഷം ആദ്യത്തില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി ഇതര കക്ഷികളുടെ ഐക്യത്തിന് വേണ്ടി ശ്രമിക്കുകയാണ് മമത. ഈ സാഹചര്യത്തില്‍ അവര്‍ പ്രാദേശിക കക്ഷികളുടെ ശാക്തീകരണത്തിനും അവരുടെ ഐക്യത്തിനും ഏറെ പ്രോല്‍സാഹനം നല്‍കുന്നുമുണ്ട്. സിപിഎമ്മുമായി ഭിന്നത മാറ്റിവച്ച് ചില സൗഹൃദങ്ങള്‍ മമത പുതുക്കാറുമുണ്ട്. അടുത്തിടെ സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയെ മമത കൊല്‍ക്കത്തയില്‍ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു.