പിണറായി മന്ത്രിസഭയിൽ രണ്ട് വനിതാ മന്ത്രിമാർ: കെ.കെ ഷൈലജ ആരോഗ്യമന്ത്രിയാകും; വീണ ജോർജിനെ സ്പീക്കറായി പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി രണ്ടാം തവണയും മന്ത്രിയാകാനെത്തുന്ന കെ.കെ ഷൈലജടീച്ചറെന്ന ടീച്ചറമ്മയെ കാത്തിരിക്കുന്നത് ആരോഗ്യം തന്നെയെന്നു റിപ്പോർട്ട്. കഴിഞ്ഞ പിണറായി സർക്കാരിൽ ഏറ്റവും മികച്ച മന്ത്രിയെന്നു പേരുകേട്ട ഷൈജല ടീച്ചറെ മാറ്റി നിർത്തി പുതിയ സർക്കാർ ഉണ്ടാക്കുന്നതിനെപ്പറ്റി പിണറായി വിജയൻ ചിന്തിക്കുക പോലും ഇല്ല.

ഈ സാഹചര്യത്തിൽ സർക്കാരിൽ ആരോഗ്യമന്ത്രി കെ.കെ ഷൈജല തന്നെയാകും. വൈദ്യുതി വകുപ്പ് മികച്ച രീതിയിൽ കൈകാര്യം ചെയ്ത മന്ത്രി എം.എം മണിയ്ക്കു തന്നെയാണ് വീണ്ടും നറക്കു വീഴുക. സി.പി.എമ്മിന്റെ മുതിർന്ന നേതാക്കളായ എം.വി ഗോവിന്ദൻമാസ്റ്റർ, കെ.എൻ ബാലഗോപാൽ, പി.രാജീവ്, പി.പി ചിത്തരഞ്ജൻ, മുൻ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ എന്നിവരെയെല്ലാം മന്ത്രിസഭയിലേയ്ക്കു പരിഗണിക്കുന്നവരാണ്.

രണ്ടു വനിതാ മന്ത്രിമാരെ സി.പി.എം പരിഗണിച്ചാൽ വീണ ജോർജിന് നറക്കുവീഴു. വീണയും കെ.കെ ഷൈലജയുമാകും മന്ത്രിമാർ. മറ്റേതെങ്കിലും വനിതയെ മന്ത്രിസ്ഥാനത്തേയ്ക്കു പരിഗണിക്കുന്ന സാഹചര്യമുണ്ടായാൽ വീണ ജോർജിനെ സ്പീക്കർ സ്ഥാനത്തേയ്ക്കും പരിഗണിക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടായേക്കും.

സി.പി.എമ്മിന്റെയും ഘടകക്ഷികളുടെയും മന്ത്രിമാരുടെയും വകുപ്പുകളും സ്ഥാനങ്ങളും സംബന്ധിച്ചുള്ള ചർച്ചകൾ ഇനിയാണ് ആരംഭിക്കേണ്ടത്. ഈ ചർച്ചകൾക്കു ശേഷം ഓരോ പാർട്ടികൾക്കും മുന്നണി അനുവദിച്ച മന്ത്രിസ്ഥാനങ്ങളും വകുപ്പുകളും വീതം വയ്ക്കും. ഇതിനു ശേഷമാവും മന്ത്രിമാരെ തീരുമാനിക്കുക. കൊവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നടപടികളെല്ലാം വേഗത്താകുമെന്നാണ് സൂചന.

Top